കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിച്ചു: ഉമ്മന്‍ ചാണ്ടി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ  അവഗണിച്ചു: ഉമ്മന്‍ ചാണ്ടി

ദുബായ്: ലക്ഷക്കണക്കിന് പ്രവാസികള്‍ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ നാമമാത്രമായ നടപടികള്‍ പോലും സ്വീകരിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇന്‍ഷ്വറന്‍സ് പോലെ ചില പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു പറയേണ്ടി വന്നത്. പ്രവാസി ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനോ യു.ഡി.എഫ്. തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. 

 കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളോടും മറുനാടന്‍ മലയാളികളോടും ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടിയ അവഗണന മറക്കാന്‍ സാധിക്കില്ല.
നിതാഖത്ത് മൂലം മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണ്ടി സമഗ്രമായ പുനരധിവാസ പദ്ധതിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ 2014-ല്‍ നടപ്പിലാക്കിയത്. 

മടങ്ങിവന്ന പ്രവാസികള്‍ക്ക് 'സാന്ത്വനം' പദ്ധതിയിലൂടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ഏര്‍പ്പെടുത്തി. 

'ചെയര്‍മാന്‍ ഫണ്ട്' പദ്ധതി മുഖേന സാമ്പത്തിക ആനുകൂല്യങ്ങളും മരിച്ചവരുടെ ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'സ്വപ്നസാഫല്യം'
പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി. തിരിച്ചെത്തിയവര്‍ക്ക് നൈപുണ്യ പരിശീലന പദ്ധതിയും യുഡിഎഫ് നടപ്പിലാക്കി.

ഇറാഖിലും ലിബിയയിലും യുദ്ധം ഉണ്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നേഴ്‌സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്.

യു.ഡി.എഫ്. സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍.ആര്‍.കെ. മീറ്റില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'പ്രവാസി ഭാരതീയ ദിവസ്' കോണ്‍ഫറന്‍സിന് 2013-ല്‍ കൊച്ചിയില്‍ ആദ്യമായും അവസാനമായും ആതിഥ്യമരുളുക വഴി പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞു.

പ്രവാസികാര്യ മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയ മോഡി സര്‍ക്കാരും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രവാസികള്‍ക്ക് പുതിയ പദ്ധതികളോ, ആനുകൂല്യങ്ങളോ നടപ്പിലാക്കാത്ത ഇടതുമുന്നണി സര്‍ക്കാരും പ്രവാസികളുടെ ആവശ്യങ്ങളോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അത് മൂടിവയ്ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്ത് വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.