നൈജീരിയയിലെ ദേവാലയ വെടിവയ്പ്പില്‍ മരണം എട്ടായി; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സംശയം

നൈജീരിയയിലെ ദേവാലയ വെടിവയ്പ്പില്‍ മരണം എട്ടായി; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് സംശയം

കടുണ: നൈജീരിയയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ രണ്ട് ദേവാലയങ്ങളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായായിരുന്നു ആദ്യം പുറത്തുവന്ന കണക്കുകള്‍. എന്നാല്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ ഏജന്‍സികള്‍ നല്‍കുന്ന കണക്കു പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. 38 പേരെ തട്ടിക്കൊണ്ട് പോയതായും ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ വക്താവ് പറഞ്ഞു.

കൊല്ലപ്പെട്ടവരിലധികവും കത്തോലിക്കരാണ്. പ്രൊട്ടസ്റ്റന്റ് വിഭഗത്തില്‍പ്പെട്ടവരാണ് തട്ടിക്കൊണ്ടുപോയവരിലേറെയും. അക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് ആണെന്ന് സംശയിക്കുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിട്ടില്ല.

കടുണ സംസ്ഥാനത്തെ സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ബൈക്കില്‍ ഇരമ്പിയെത്തിയ തോക്ക്ധാരികള്‍ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറി വെടി ഉതിര്‍ക്കുകയായിരുന്നു.



കടുണ സംസ്ഥാനത്തിലെ കജുരു എല്‍ജിഎയിലെ റോബുഹിലെ സെന്റ് മോസസ് കത്തോലിക്ക പള്ളിയിലെ ആദ്യത്തെ കുര്‍ബാന അവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് ആക്രമണം നടന്നതെന്ന് മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റതായും കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ അഞ്ചിന് പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ ആക്രമണം വീണ്ടും അരങ്ങേറിയത്. നൈജീരിയയിലെ ഒണ്‍ണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലാണ് കൂട്ടക്കൊല നടന്നത്. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി ദിവസങ്ങള്‍ കഴിയും മുന്‍പാണ് കഴിഞ്ഞ ഞായറാഴ്ച്ച വീണ്ടും ആക്രമണം ഉണ്ടായത്.

സംസ്ഥാനത്തെ ആക്ടിങ് ഗവര്‍ണറായ ഹഡിസ സബുവ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തെ മൗനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുമ്പോള്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് ഒയോ രൂപതയിലെ ബിഷപ്പ് ഇമ്മാനുവല്‍ ബഡേജോ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.



കൊലയാളികളെ കണ്ടെത്തുമെന്ന പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ അക്രമികളെ പിടികൂടുന്നതിനോ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിഷപ് കുറ്റപ്പെടുത്തി. നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷനും ഞായറാഴ്ചത്തെ ആക്രമണങ്ങളെ അപലപിച്ചു.

ലോകത്ത് ക്രിസ്ത്യാനിക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ 80 ശതമാനവും നൈജീരിയയിലാണ്. 2021 ല്‍ 4,650 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. 2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 900 ഓളം പേരും കൊല ചെയ്യപ്പെട്ടതായാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.