കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷകര്‍; ബഫര്‍സോണില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കര്‍ഷകര്‍ പരിസ്ഥിതി സംരക്ഷകര്‍; ബഫര്‍സോണില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: ജനവാസ കേന്ദ്രങ്ങളില്‍ ബഫര്‍സോണ്‍ വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വനാതിര്‍ത്തിയോട് ചേര്‍ന്നു വരുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. ബഫര്‍സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി വിധിയ്ക്ക് മുമ്പു തന്നെ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതായും മന്ത്രി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.


ജനവാസ മേഖലകള്‍ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന സംസഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം വന്നത്. എന്നാല്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കാനും അത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിയമപരമായ കാര്യങ്ങളും പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ നടപടികള്‍ക്കായി വനം വകുപ്പ് മന്ത്രിയെയും മുഖ്യ വനപാലകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദൂര പരിധിയില്‍ ജനതാല്‍പര്യം പരിഗണിക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് ആശാവഹമാണെന്നും മന്ത്രി വ്യക്തമാക്കി.

സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം ഇപ്പോള്‍ പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ല്‍ സര്‍ക്കാര്‍ വേറെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018ലെയും 2019ലെയും കാലവര്‍ഷക്കെടുതിയും ഇവിടുത്തെ അന്തരീക്ഷവുമെല്ലാം എല്ലാവര്‍ക്കുമറിയാം. അതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനുശേഷം നമ്മള്‍ കൊടുത്തിരിക്കുന്ന അഫിഡവിറ്റാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതില്‍ ജനവാസകേന്ദ്രങ്ങള്‍ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.