മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ പാട്ടിലാക്കാന്‍ ബിജെപി രംഗത്ത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വിമത പക്ഷത്തെ ഒപ്പം കൂട്ടാനാണ് ബിജെപി നീക്കം. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചതോടെ നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കിയാല്‍ സംസ്ഥാനത്ത് എട്ട് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരും കേന്ദ്രത്തില്‍ രണ്ടു മന്ത്രിപദവും നല്‍കാമെന്നാണ് വാഗ്ദാനം. ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കിയേക്കും. എന്നാല്‍ ഉപമുഖ്യമാന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് ഷിന്‍ഡെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുമായി സഖ്യമുണ്ടാക്കുകയെന്ന ഒറ്റ ആവശ്യമാണ് ഷിന്‍ഡെ വിഭാഗം ഉദ്ധവിന് മുന്നില്‍ വയ്ക്കുന്നത്.
യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് ഷിന്‍ഡെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അവകാശപ്പെട്ടേക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ ഔദ്യോഗിക പക്ഷത്തിന് വന്‍ തിരിച്ചടിയാകും.
മൊത്തം എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഒപ്പം ഉണ്ടെങ്കിലേ കൂറുമാറ്റ നിയമം ബാധകമല്ലാതിരിക്കുകയുള്ളൂ. ആകെയുള്ള 55 എംഎല്‍എമാരില്‍ 42 പേരുടെ പിന്തുണയാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്.
വിമത നീക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു വിളിച്ച ശിവസേനാ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നത് മകന്‍ ആദിത്യ താക്കറെ അടക്കം 13 പേര്‍ മാത്രമാണ്. ഇതില്‍ നിന്നും കൊഴിഞ്ഞു പോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
35 ശിവസേന എംഎല്‍എമാരും 7 സ്വതന്ത്ര എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്‌നാഥ് ഷിന്‍ഡെ പുറത്തുവിട്ടു. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടി വിമത ക്യാംപില്‍ ചേരാന്‍ അസമിലെ ഗുവഹാത്തിയിലെത്തിയിരുന്നു.
സാവന്ത്വാഡിയില്‍ നിന്നുള്ള ദീപക് കേശകര്‍, ചെമ്പൂരില്‍ നിന്നുള്ള മങ്കേഷ് കുടല്‍ക്കര്‍, ദാദറില്‍ നിന്നുള്ള സദാ സര്‍വങ്കര്‍ എന്നിവരാണ് മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎല്‍എമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിലെത്തി. ആകെ 42 എംഎല്‍എമാരാണ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.