ഉദ്ധവ് താക്കറെയ്ക്ക് തലവേദനയായി എംപിമാരും ഷിന്‍ഡെ പക്ഷത്തേക്ക്; ശിവസേനയുടെ മാറിമറിയുന്ന നിലപാടുകള്‍ക്കെതിരേ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

ഉദ്ധവ് താക്കറെയ്ക്ക് തലവേദനയായി എംപിമാരും ഷിന്‍ഡെ പക്ഷത്തേക്ക്; ശിവസേനയുടെ മാറിമറിയുന്ന നിലപാടുകള്‍ക്കെതിരേ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

മുംബൈ: ഉദ്ധവ് താക്കറെയുടെ കൈയില്‍ നിന്ന് ശിവസേനയുടെ നേതൃത്വം എന്നെന്നേക്കുമായി കൈവിട്ടു പോയേക്കുമെന്ന് സൂചന. എംഎല്‍എമാര്‍ തുടങ്ങിവച്ച തിരുത്തലിലേക്ക് എംപിമാര്‍ കൂടി ചേര്‍ന്നു.

ശിവസേനയ്ക്ക് ലോക്‌സഭയില്‍ 19 എംപിമാരും രാജ്യസഭയില്‍ മൂന്നു പേരുമാണുള്ളത്. ഇതില്‍ പന്ത്രണ്ടോളം പേര്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ഒപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. എംഎല്‍എമാര്‍ക്കു പിന്നാലെ എംപിമാരും മറുകണ്ടം ചാടിയതോടെ പാര്‍ട്ടിയില്‍ താക്കറെയുടെ റോള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.

ശിവസേനയുടെ നേതൃത്വം പിടിച്ചടക്കുകയാണ് ഷിന്‍ഡെ പക്ഷത്തിന്റെ ലക്ഷ്യമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജന്‍ വിചാര്‍ (താനെ), ഭാവ്‌ന ഗൗലി (വാഷിം), കൃപാല്‍ തുമാനെ (റംതേക്), ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), രാജേന്ദ്ര ഗാവിട്ട് (പല്‍ഗര്‍) തുടങ്ങിയവരാണു വിമതപക്ഷത്തെത്തിയത്.

ഇതില്‍ രാജന്‍ വിചാര്‍, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ ഗുവാഹത്തിയില്‍ വിമതര്‍ തങ്ങുന്ന റിസോര്‍ട്ടിലാണുള്ളത്. വിമത പക്ഷത്തേക്കു മാറിയെന്ന ആരോപണം കൃപാല്‍ തുമാനെ വ്യാഴാഴ്ച രാവിലെ തള്ളിയിരുന്നു. ശിവസേനയ്ക്ക് മഹാരാഷ്ട്ര നിയമസഭയില്‍ 55 എംഎല്‍എമാരാണുള്ളത്. അതില്‍ 40 പേര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.

അതേസമയം, മഹാവികാസ് അഘാഡി വിടുമെന്ന സഞ്ജയ് റാവത്തിന്റെയും ശിവസേനയുടെയും പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ഓരോ നിമിഷവും നിലപാട് മാറ്റുന്ന ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയുമായി ഇനി ബന്ധം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലും പ്രതിസന്ധി ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.