രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞ് യെച്ചൂരി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: എസ്എഫ്‌ഐയെ  തള്ളിപ്പറഞ്ഞ് യെച്ചൂരി


ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ ശക്തമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടന പെരുമാറേണ്ടത് ഇങ്ങനെയല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എസ്എഫ്‌ഐയുടെ നടപടിയെ തള്ളി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി പാര്‍ട്ടികള്‍ തമ്മില്‍ ഉള്ള ബന്ധങ്ങളെ ബാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ സിപിഎം ഇതിനോടകം തള്ളിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലായിരുന്നുവെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇ.പി ജയരാജന്‍ വിശദീകരിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചിരുന്നു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.

എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.