ജൂൺ 26-ലോക ലഹരിവിരുദ്ധ ദിനം; കൗതുകങ്ങളില്‍ ഒളിക്കുന്ന കൗശലങ്ങള്‍

ജൂൺ 26-ലോക ലഹരിവിരുദ്ധ ദിനം;  കൗതുകങ്ങളില്‍ ഒളിക്കുന്ന കൗശലങ്ങള്‍

നാം ആദ്യം ശീലങ്ങള്‍ ഉണ്ടാക്കുന്നു. പിന്നീട് ശീലങ്ങള്‍ നമ്മെ രുപപ്പെടുത്തുന്നു. വിഖ്യാതമായ ഈ വാക്കുകള്‍ ചട്ടമ്പി സ്വാമികളുടേതാണ്. ജീവിത വിജയത്തിനു സ്വന്തമായ ചട്ടങ്ങളും ശീല ങ്ങളും വേണമെന്നു വിശ്വസിച്ച ആ മഹത്ജന്മം ശീലങ്ങളെപ്പറ്റിയുള്ള പരിചിന്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

നമ്മുടെ യഥാര്‍ഥ സ്വഭാവത്തെ വെളിപ്പെടുത്തുന്ന പെരുമാറ്റശൈലിയാണ് ശീലങ്ങള്‍. നല്ല ശീലങ്ങള്‍ നമ്മില്‍ നല്ല വ്യക്തിത്വം രൂപപ്പെടുത്തുമ്പോള്‍ ദുശീലങ്ങള്‍ നമ്മിലെ നന്മയെ കാര്‍ന്നു തിന്നുകയാണു ചെയ്യുന്നത്. ഇന്നു വിദ്യാര്‍ഥി ലോകത്തെ ഗ്രസിച്ചിരിക്കുന്ന മാരകമായ ദുശീലമാണ് ലഹരി. പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം ഇവയെല്ലാം വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ച വ്യാധിപോലെ പടരുകയാണ്.

വളരുന്ന തലമുറയെ ചുറ്റി വരിയുന്ന വിനാശത്തിന്റെ ഈ നീരാളിക്കൈകള്‍ അറുത്തു മാറ്റാനുള്ള പ്രചോദനമാണ് ജൂണ്‍ 26നു ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതിലൂടെ യുവലോകം ആര്‍ജിച്ചെടുക്കുന്നത്.

മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന കമ്പിളിക്കെട്ടിനെ കയറിപ്പിടിച്ച മനുഷ്യന്റെ കഥ നമുക്കറിയാം. കയറിപ്പിടിച്ചത് കമ്പിളിക്കട്ടല്ല, കരടിയായിരുന്നു എന്നു തിരിച്ചറിയുന്നതിനു മുമ്പേ കരടിയുടെ പിടിയിലമര്‍ന്നു പിടഞ്ഞ് അവന്റെ കഥ കഴിഞ്ഞ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്.

ഒരു മലവെള്ളപ്പാച്ചിലിന്റെ രൗദ്രതാളത്തോടെ, ആധുനിക സംസ്‌കാരം കൗമാര മനസില്‍ കുലം കുത്തിയൊഴുകി വരികയാണ്. പാരമ്പര്യവും വിശ്വാസങ്ങളും മനസില്‍ പതിപ്പിച്ച, സനാതന മൂല്യങ്ങളുടെ അടരുകളെല്ലാം ഇവിടെ അടര്‍ന്നു വീഴുകയാണ്. കൗമാരത്തിന്റെ കൗതുകങ്ങള്‍ വിടര്‍ന്ന കണ്ണുകള്‍ കയറിപ്പിടിക്കുന്ന ലഹരിയുടെ കമ്പിളിക്കെട്ടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന കൗശലങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാലും പലരും തിരിച്ചറിയുന്നില്ല! ഇവിടെയാണു നമ്മള്‍ ഉണരേണ്ടത്! ആകാശത്തിന്റെ അനന്തതയും ആഴക്കടലിന്റെ ഗഹനതയും സല്ലീനമാകുന്ന ദൈവ സൃഷ്ടിയാണു മനുഷ്യന്‍. കാലത്തിന്റെ നെഞ്ചില്‍ ജീവിതമാകുന്ന എഴുത്താണികൊണ്ട് അവന്‍ തന്റെ ജന്മനിയോഗം രചിക്കുന്നു. ഈ ദൈവ നിയോഗം തിരുത്തിയെഴുതിക്കാന്‍ തെറ്റിന്റെ വഴികാട്ടികള്‍ നമുക്കു ചുറ്റും പതിയിരിക്കുന്നത് വിദ്യാര്‍ത്ഥികളായ നമ്മള്‍ തിരിച്ചറിയണം.

ഇവിടെ പുകവലി പുതിയ യുഗത്തിന്റെ ഫാഷനായി അവതരിപ്പിക്കാന്‍ പ്രശസ്ത മോഡലുകളുടെ പരസ്യങ്ങളുണ്ട്. ചൂയിംഗത്തിലൂടെ വളരുന്ന പാന്‍മസാലക്കമ്പനികളുടെ വിഷക്കൂട്ടുകളുടെ വിപണനത്തിനും കോടികള്‍ മുടക്കുന്ന പരസ്യങ്ങളുണ്ട്. മദ്യപാനം കുലീനതയുടെ ചിഹ്നമായി അവതരിപ്പിക്കാന്‍ ഇവിടെ സിനിമാതാരങ്ങള്‍ വരെ മത്സരിക്കുകയാണ്. കൂട്ടുകാരേ, ഇന്നു നമ്മെ അടിമകളാക്കാന്‍ മയക്കു മരുന്നു മാഫിയ വിദ്യാലയങ്ങള്‍ ക്രന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ മാഫിയയുടെ ഏജന്റുമാരായി പല വിദ്യാര്‍ത്ഥികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് ഒരു ദുരന്ത സത്യമാണ്. ഇവിടെ നമ്മള്‍ നമ്മുടെ കൂട്ടുകാരെ തിരിച്ചറിയേണ്ടതുണ്ട്.

ചീത്തശീലങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നവരെ തുരത്തിയോടിക്കാം. പ്രശസ്തമായ ഈ വാക്യം പ്രസക്തമാണ്. നിന്റെ കൂട്ടുകാരാരാണെന്നു നീ പറയുക, നീ ആരാണെന്നു ഞാന്‍ പറയാം. അതിനാല്‍ കൗതുകങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കൗശലങ്ങളെ തിരിച്ചറിയാം. നമ്മുടെ ജീവിത വിജയം മറ്റാരുടെയും ലക്ഷ്യമല്ല എന്നോര്‍ക്കാം. ജീവിതത്തിന്റെ അര്‍ത്ഥം തിരിച്ചറിഞ്ഞു വിജയിച്ച മഹത്തുക്കളെ ചരിത്രത്തിന്റെ ചവിട്ടു പടിയാക്കുന്നതു കാലത്തിന്റെ ശീലമാണ്. അത്തരം മഹത് ജന്മങ്ങളുടെ വഴിയേ നടന്ന് നല്ല ശീലങ്ങളില്‍ വളര്‍ന്ന് സ്വഭാവ ശുദ്ധിയുള്ള ഒരു പുതിയ തലമുറയുടെ പുനര്‍ നിര്‍മിതിക്ക് അടുക്കു കല്ലുകളാകാന്‍ ജഗദീശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

ജയ്ഹിന്ദ്!

ഫാ. റോയ് കണ്ണൻചിറ സിഎംഐയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.