'മണ്‍പാത്രം മുതല്‍ ഓട്ടുമൊന്ത വരെ'; ജി-7 നേതാക്കള്‍ക്ക് മോഡി നല്‍കിയത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍

'മണ്‍പാത്രം മുതല്‍ ഓട്ടുമൊന്ത വരെ'; ജി-7 നേതാക്കള്‍ക്ക് മോഡി നല്‍കിയത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത വിവിധ രാഷ്ട്രത്തലവന്‍മാര്‍ക്കു സമ്മാനിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക, കരകൗശല പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും തനതു കരകൗശല വസ്തുക്കളാണ് പ്രധാനമന്ത്രി രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കിയത്.

ഉത്തര്‍പ്രദേശിലെ വാരാണസിയിലെ സവിശേഷ കരകൗശലവിദ്യയായ ഗുലാബി മീനാകാരിയിലുള്ള ബ്രൂച്ചും കഫ്‌ലിങ്ക് സെറ്റുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത്. മൊറാദാബാദില്‍ നിന്നുള്ള ചിത്രപ്പണി ചെയ്ത ഓട്ടുമൊന്ത ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനും നിസാമാബാദിലുണ്ടാക്കിയ കറുത്ത മണ്‍പാത്രങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്കും നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു നല്‍കിയത് പ്ലാറ്റിനം പൂശി കൈകൊണ്ടു ചിത്രമെഴുതിയ ചായപ്പാത്രങ്ങളാണ്.


ലക്നൗവിലെ സര്‍ദോസി ചിത്രപ്പണി ചെയ്ത പെട്ടിക്കുള്ളിലാക്കിയ പ്രകൃതിദത്ത സുഗന്ധദ്രവ്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു നല്‍കി. ആഗ്രയില്‍ നിന്നുള്ള മാര്‍ബിളില്‍ത്തീര്‍ത്ത അലങ്കാര വസ്തു ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിക്കും കശ്മീരിന്റെ സ്വന്തം പട്ടുപരവതാനി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹം സമ്മാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.