ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയുടെയും രണ്ടു സംഘടനകളുടെയും ഹര്‍ജിയില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും എതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജി കാലികപ്രസക്തിയുളളതാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
സമീപകാലങ്ങളിലായി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ ശ്രദ്ധ നേടിയിട്ടുള്ളതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും. ബിജെപി-സംഘപരിവാര്‍ സ്വാധീനം ഓരോ സംസ്ഥാനങ്ങളിലും വളരുന്നതിന് ആനുപാതികമായി ഇത്തരം പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ ക്രൈസ്തവര്‍ പീഡനങ്ങള്‍ നേരിടുന്നു എന്നതിനേക്കാള്‍, ഭാരതത്തിന്റെ മതേതര മൂല്യങ്ങള്‍ ബലികഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് കൂടുതല്‍ ആശങ്കാജനകം.
മതത്തിനും വര്‍ഗീയതയ്ക്കും രാഷ്ട്രീയ മാനം കൈവരികയും മാനവികത അസ്തമിക്കുകയും ചെയ്യുന്ന കാഴ്ച മതേതര ഭാരതത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അതിനാല്‍ സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ആശ്വാസകരമാകുന്നത് മതേതര മൂല്യങ്ങള്‍ ഇവിടെ പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനതയ്ക്കാണ്.
രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 1112 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് എതിരെ നടന്നു എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. ക്രൈസ്തവ പീഡനങ്ങളെ ആഗോള തലത്തില്‍ നിരീക്ഷണ വിധേയമാക്കുന്ന വേള്‍ഡ് വാച്ച് ലിസ്റ്റ് പോലുള്ള ജേര്‍ണലുകളില്‍ ക്രൈസ്തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയെ ഉള്‍പ്പടുത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന മതേതരത്വ - വിശ്വസാഹോദര്യ - മത സഹിഷ്ണുത പ്രതിച്ഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുളളത് അപമാനകരമാണ്. മതേതരത്വ നിലപാടുകളെ ബലികൊടുത്തു കൊണ്ട് പ്രാകൃതമായ മതരാഷ്ട്ര പ്രത്യയ ശാസ്ത്രത്തിലേയ്ക്ക് തിരിച്ചു നടക്കുന്ന ഇന്നത്തെ ശൈലി അത്യന്തം അപകടകരമാണ്. ഏത് തരത്തിലുള്ള ഭീഷണികളെ നേരിടാന്‍ അത്തരമൊരു മാറ്റം ഉപകരിക്കുമെന്ന് ആരു കരുതിയാലും അത് മിഥ്യാധാരണയാണ്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി എട്ടു വര്‍ഷം പിന്നിടുമ്പോള്‍ തിരിഞ്ഞു നോക്കിയാല്‍ ഓരോ വര്‍ഷം കഴിയും തോറും മത-വര്‍ഗീയ വിഷയങ്ങളിലുണ്ടാകുന്ന അക്രമ സംഭവങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ധിക്കുകയാണ്. അത്തരം സംഭവങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ലഭിച്ചിട്ടുള്ളതിനേക്കാള്‍ വളരെയേറെയാണ് അധികാരികളാല്‍ അവഗണിക്കപ്പെട്ടിട്ടുള്ള സംഭവങ്ങള്‍.
മതം മാറ്റ നിരോധന നിയമങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളില്‍ ആ നിയമം ദുരുപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വളരെയേറെ നടന്നിട്ടുളളതായി കാണാം. ഇത്തരത്തില്‍ ഭരണത്തിന്റെയും നീതി നിര്‍വ്വഹണത്തിന്റെയും നിറവും സ്വഭാവവും മാറി വരികയും ന്യൂനപക്ഷ - ദുര്‍ബല വിഭാഗങ്ങള്‍ക്ക് ജീവിതം ദുഷ്‌കരമാവുകയും ചെയ്യുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഈ ഗൗരവമുള്ള വിഷയത്തില്‍ നീതിപൂര്‍വ്വമായ ഇടപെടല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
വര്‍ദ്ധിക്കുന്ന തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും
മതനിന്ദാ പരാമര്‍ശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന തയ്യല്‍കടയില്‍ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു.
ആ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികള്‍ ശക്തി പ്രകടനം നടത്തിയത് ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലാണ്. പ്രൊഫ. ടി.ജെ ജോസഫിന്റെ കൈകള്‍ ഛേദിച്ച് സമാനമായ പ്രതികാര പ്രവൃത്തി ചെയ്ത കേരളത്തില്‍ ഉള്‍പ്പടെ ഇത്തരം ഭീഷണികള്‍ കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്.
ഈ നാളുകളില്‍ കൈവെട്ടിയും കഴുത്തറുത്തും തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് അടിവരയിടാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് മറ്റൊരു പ്രത്യയശാസ്ത്രത്തില്‍ അടിത്തറയുറപ്പിച്ച് പുതിയൊരു രാഷ്ട്ര സങ്കല്‍പം രൂപപ്പെടുത്തിയിരിക്കുന്നവരുടെ ഇടയിലാണ് എന്നുളളതാണ് വസ്തുത. സാമൂഹികവും സാമുദായികവുമായ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഫ്രിക്ഷന്‍, അരക്ഷിത ബോധവും മൗലിക ചിന്തകളും വിദ്വേഷ പ്രവണതകളും വര്‍ധിപ്പിക്കും എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.
ഇന്ത്യയില്‍ തീവ്ര ഇസ്ലാമിക ചിന്തകരുടെ സ്വാധീനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്നത് അക്കാരണത്താലാണ് എന്ന് പറയാനാവില്ല. രണ്ടു പ്രത്യയ ശാസ്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയേയും തുല്യ ഗൗരവത്തില്‍ സമീപിക്കേണ്ടതുണ്ട്.
മത സഹിഷ്ണുതയും, മതേതര ചിന്തകളും, സാഹോദര്യ മനോഭാവവും നിലര്‍ത്തി മാനവികതയില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ടു പോകുവാന്‍ വിവിധ സമുദായങ്ങള്‍ നിലപാടെടുക്കാത്ത പക്ഷം ഭാരതത്തിന്റെ ഭാവി കൂടുതല്‍ ആശങ്ക ജനകമാണ്. മതവും മത വിശ്വാസവും പരസ്പരം സ്നേഹിക്കാനും ഉള്‍ക്കൊള്ളാനുമാണ് ഒരു വ്യക്തിയെയും സമൂഹത്തെയും പര്യാപ്തരാക്കേണ്ടത്. പരസ്പരം ഭീഷണിയാകാനും ഭീതി വളര്‍ത്താനും കാരണമാകുന്നതിനെയെല്ലാം ഉപേക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം.
ആരോഗ്യകരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദികള്‍ ഒരുങ്ങുകയും ഭരണകൂടങ്ങള്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കുകയും വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.