ആരോഗ്യ മേഖലയെ താളംതെറ്റിച്ച് കാനഡയില്‍ കോവിഡ് വ്യാപനം; കോവിഡ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗങ്ങളുടെ സമയം വെട്ടിക്കുറച്ചു

ആരോഗ്യ മേഖലയെ താളംതെറ്റിച്ച് കാനഡയില്‍ കോവിഡ് വ്യാപനം; കോവിഡ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗങ്ങളുടെ സമയം വെട്ടിക്കുറച്ചു

ടൊറന്റോ: കാനഡയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ താളം തെറ്റി ആരോഗ്യ മേഖല. അത്യാഹിത വിഭാഗത്തില്‍വരെ കോവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ എമര്‍ജന്‍സി ചികിത്സകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുകയോ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചുപൂട്ടുകയോ ചെയ്തു. രോഗികള്‍ക്കനുസരിച്ചുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. വേനല്‍ക്കാലം വരെ ഈ സ്ഥിതി തുടര്‍ന്നേക്കും.

കോവിഡ് ചികിത്സയിലേക്ക് മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ നഴ്‌സുമാരെ നിയോഗിച്ചത് പല ആശുപത്രികളിലും കോവിഡ് ഇതര ചികിത്സയെ ബാധിച്ചു. കിടത്തി ചികിത്സയ്ക്ക് പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ആശുപത്രികളില്‍ പോലും താങ്ങാവുന്നതിലധികം കോവിഡ് രോഗികള്‍ നിറഞ്ഞു. ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം.

കിഴക്കന്‍ ഒന്റാറിയോയിലെ പെര്‍ത്ത് ആന്‍ഡ് സ്മിത്ത്‌സ് ഫാള്‍സ് ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അത്യാഹിത വിഭാഗം വ്യാഴാഴ്ച വരെ അടച്ചിടാന്‍ തീരുമാനമെടുത്തു. ഏകദേശം 6,000 ത്തോളം ആളുകള്‍ താമസിക്കുന്ന പട്ടണത്തിലെ ഏക ചികിത്സാ കേന്ദ്രമാണിത്.

മറ്റ് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ ഡോക്ടര്‍മാരെ കാണാന്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടിവരുന്നു. ഇത് ഗൗരവമേറിയ സാഹചര്യമാണെന്നും ചികിത്സ വൈകിയാല്‍ അത് രോഗിയെ ഗുരുതരാവസ്ഥയില്‍ എത്തിച്ചേക്കുമെന്നും കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റ് ഡോ. കാതറിന്‍ സ്മാര്‍ട്ട് പറഞ്ഞു. പലയിടങ്ങളിലും കിടത്തി ചികിത്സാ സൗകര്യങ്ങള്‍ പരിമിതമാണ്. ആശുപത്രി കിടക്കകള്‍ക്കും കമ്മ്യൂണിറ്റി കെയറിനുമായി വര്‍ഷങ്ങളായി ഫണ്ട് അനുവദിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.

രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയായ ക്യൂബെക്ക്, ന്യൂ ബ്രണ്‍സ്വിക്ക്, മാനിറ്റോബ എന്നിവിടങ്ങളിലെ ആശുപത്രികളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി അടച്ചിടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്.

തലസ്ഥാനമായ ഒട്ടാവയിലെ ഈസ്റ്റേണ്‍ ഒന്റാറിയോയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം 120 ശതമാനം വരെ വര്‍ധിച്ചു. ജീവനക്കാരുടെ കുറവ് കാരണം കൊടുങ്കാറ്റ് പോലെയാണ് ഈ സാഹചര്യം അനുഭവപ്പെട്ടതെന്നും ഡോ. കാതറിന്‍ പറഞ്ഞു.

രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതാണ് ജീവനക്കാരുടെ കുറവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതുണ്ടെന്നും ഡോ. കാതറിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.