ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജന്മദിനവും ചിക്കാ​ഗോ രൂപതയുടെയും മെത്രാഭിഷേകത്തിന്റെയും ജൂബിലിയും ഡാലസിൽ ആഘോഷിച്ചു

ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജന്മദിനവും ചിക്കാ​ഗോ രൂപതയുടെയും മെത്രാഭിഷേകത്തിന്റെയും ജൂബിലിയും ഡാലസിൽ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത പ്രഥമ ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജന്മദിനവും ചിക്കാ​ഗോ രൂപതയുടെ രജത ജൂബിലിയും ഡാലസിൽ ആഘോഷിച്ചു. ഡാലസ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ ഞായറാഴ്ച നടന്ന ദിവ്യബലിക്കും ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ നടക്കുന്ന സീറോ മലബാർ കൺവെൻഷന്റെ കിക്കോഫിനും ബിഷപ്പ് എമിറേറ്റ്സ് മാർ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നൽകി.

ദിവ്യബലിക്ക് ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ, ചിക്കാ​ഗോ കത്തീഡ്രൽ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിൽ എന്നിവർ സഹകാർമ്മികരായി. ബിഷപ്പ് എമിറേറ്റ്സ് അങ്ങാടിയത്തിന്റെ എൺപതാം ജന്മദിനം ഇടവക സമൂഹം കേക്ക് മുറിച്ച് ആഘോഷിച്ചു.

ചിക്കാ​ഗോ രൂപതയെ ഇന്ന് കാണുന്ന രീതിയിലെത്തിക്കാൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നടത്തിയ പരിശ്രമങ്ങള ഇടവകാം​ഗങ്ങൾ ഓർത്തെടുത്തു. ദീർഘവീക്ഷണത്തോടെയും എളിമയോടെയുമുള്ള ബിഷപ്പിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുള്ള രൂപതയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാണെന്ന് ഇടവക സമൂഹം ഒന്നടങ്കം പറഞ്ഞു.

ജൂബിലി ഹാളിൽ നടന്ന ചിക്കാ​ഗോ സീറോ മലബാർ കൺവെൻഷൻ 2026 ന്റെ കിക്കോഫ് ചടങ്ങിൽ ഇടവക അം​ഗങ്ങൾ ബിഷപ്പ് എമിറേറ്റ്സ് അങ്ങാടിയത്തിന് പൂരിപ്പിച്ച ഫോം കൈമാറി. യുവജനങ്ങൾ ഉൾപ്പെടെ നിരവധി ഇടവകാം​ഗങ്ങൾ പങ്കെടുത്തത് പരിപാടിയെ മികച്ചതാക്കി.

ജന്മദിനാഘോഷത്തിനും കിക്കോഫിനും ഇടവക വികാരി ഫാ. സിബി സെബാസ്റ്റ്യൻ നേതൃത്വം നൽകി. ട്രസ്റ്റി മെമ്പേഴ്സ്, ഇമ്മാനവേൽ കോൺവെന്റിലെ സിസ്റ്റേഴ്സായ സിസ്റ്റർ ക്ലെരിൻ എസ്എബിഎസ്, സിസ്റ്റർ സ്നേഹ എസ്എബിഎസ്, ചർച്ച് ഫൗണ്ടേഴ്സ് ​ഗ്രൂപ്പിലെ അം​ഗങ്ങൾ എന്നിവർ ഇടവക വികാരിക്ക് പൂർണ പിന്തുണ നൽകി. ഉച്ചയ്ക്കത്തെ സ്നേഹ വിരുന്നോടുകൂടി പരിപാടി സമാപിച്ചു.

രൂപതയുടെ നാൾവഴി

1984 ൽ അമേരിക്കയിലെ ഡാലസിൽ സിറോ മലബാർ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഫാദർ ജേക്കബ് അങ്ങാടിയത്തായിരുന്നു. ഇടവകയുടെ ആദ്യ വികാരിയായിരുന്നു ഫാദർ ജേക്കബ് അങ്ങാടിയത്ത്. തുടക്കത്തിൽ ഡാലസിലെ ഇംഗ്ലിഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങൾ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവർത്തനങ്ങൾ.

2001ൽ ചിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുമുള്ള മലയാളി സമൂഹത്തിനു വേണ്ടി ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ സിറോമലബാർ രൂപതയായി ജോൺ പോൾ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹത്താൽ ചിക്കാഗോയിൽ സെന്റ് തോമസ് സിറോ മലബാർ രൂപത സ്ഥാപിതമായി. അമേരിക്കയിലുടനീളം പടർന്നു പന്തലിച്ച സിറോ മലബാർ രൂപതയുടെ കീഴിൽ ഇപ്പോൾ 52 ഇടവകകളും 33 മിഷനുകളും പ്രവർത്തിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.