എന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്; പ്രസംഗം വളച്ചൊടിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

എന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്; പ്രസംഗം വളച്ചൊടിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ തള്ളി പറഞ്ഞു കൊണ്ടുള്ള പ്രസംഗം വിവാദമായതോടെ പ്രതികരണവുമായി ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പൊതുപരിപാടിയില്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഭവത്തില്‍ മന്ത്രി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു.

തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്ന് മന്ത്രി ആരോപിച്ചു. 'ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദേശതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം ആവശ്യമാണ്.

അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കുവാനോ എതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല' എന്ന് സജി ചെറിയാന്‍ പറഞ്ഞു.

'ജനങ്ങള്‍ക്ക് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടുമുള്ള രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. എന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു' എന്ന് മന്ത്രി പറ‌ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.