വാഗഡൂഗു: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തില്‍ കുട്ടികളടക്കം 22 പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കോസി പ്രവിശ്യയിലെ ബൗരാസോ പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ മരിച്ചവരിലും പരുക്കേറ്റവരിലും നിരവധി ക്രിസ്ത്യാനികളുണ്ടെന്ന് നൗന കത്തീഡ്രല്‍ ഇടവകയിലെ പുരോഹിതന്‍ പറഞ്ഞു.
ആക്രമണം നടന്നതിന്റെ തലേ ദിവസം, രണ്ട് വൈദികര്‍ അഭിഷിക്തരായതിന്റെ ആഹ്‌ളാദത്തിലായിരുന്നു നൗന രൂപത. ഞായറാഴ്ച കൃതജ്ഞതാബലി അര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. രാത്രിയോടെ മോട്ടോര്‍ ബൈക്കുകളില്‍ ബൗരാസോയിലെത്തിയ സായുധരായ അക്രമികള്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. പള്ളിക്ക് മുന്നില്‍വച്ചായിരുന്നു ആക്രമണം. മരിച്ചവരില്‍ പരമ്പരാഗത ആഫ്രിക്കന്‍ മതാനുയായികളുമുണ്ട്.
ഗ്രാമവാസികള്‍ ജീവനു വേണ്ടി കേണപേക്ഷിച്ചിട്ടും അക്രമികളുടെ മനസലിഞ്ഞില്ല. മരിച്ചവരില്‍ പലരെയും തനിക്ക് അറിയാമെന്ന് നൗന കത്തീഡ്രല്‍ ഇടവകയിലെ പുരോഹിതന്‍ പറയുന്നു. മെയ് ഒന്‍പതിന് പ്രദേശത്ത് നടന്ന ഒരു ഭീകരാക്രമണത്തില്‍ നിന്ന് ഇദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ പോലും ഒന്നുമില്ലാത്ത തീര്‍ത്തും സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.
'എല്ലാ പ്രതിസന്ധികള്‍ക്കിടയിലും തങ്ങള്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുവെന്നും ദൈവം അനുവദിച്ചുനല്‍കിയ നാളുകളില്‍ ജീവിക്കാന്‍ ധൈര്യം കാത്തുസൂക്ഷിക്കുന്നുവെന്നും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ പുലരിയിലും എഴുന്നേല്‍ക്കുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങള്‍ തിരിച്ചറിയും എന്നാല്‍ വൈകുന്നേരം ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് അറിയാനാകാത്ത അവസ്ഥയാണെന്നും വൈദികന്‍ പറഞ്ഞു.
ജൂലൈ രണ്ടിന് യതേംഗ പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ അപലപിച്ച് ബൗക്കിള്‍ ഡു മൗഹൂണ്‍ മേഖല ഗവര്‍ണര്‍ ബാബോ പിയറി പിയറി ബാസിംഗ രംഗത്തെത്തി. ഭീരുത്വവും പ്രാകൃതവുമായ അക്രമമാണ് നടന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഭീകര സംഘടനയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഭീകരാക്രമണം നിത്യസംഭവം
അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘടനകള്‍ നടത്തിയ നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് പ്രതിദിനമെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ ആക്രമണങ്ങള്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിരുന്നു. ഏകദേശം രണ്ടു ദശലക്ഷം ആളുകള്‍ പലായനം ചെയ്യാനും ഈ സംഭവങ്ങള്‍ ഇടയാക്കി.
ജനുവരിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം പുറത്താക്കിയിരുന്നു. രാജ്യം സുരക്ഷിതമാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സൈന്യത്തിന്റെ ഈ നടപടി. എന്നാല്‍, സൈനിക നടപടിക്കു ശേഷം ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണ് രാജ്യം കണ്ടത്.
ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 530-ലധികം അക്രമ സംഭവങ്ങള്‍ ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇരട്ടിയാവുകയായിരുന്നു. ജൂണ്‍ ആദ്യ രണ്ടാഴ്ചയ്ക്കിടെ നടന്ന 12 ആക്രമണങ്ങളില്‍ 135 പേരാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.