കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വീട്ടില്‍ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെത്തിയതായി പ്രതിഷേധക്കാര്‍. ഇവിടെ നിന്നുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആളുകള്‍ നോട്ടുകള്‍ എണ്ണുന്നതും കാണാം.
കണ്ടെടുത്ത തുക പൊലീസിന് കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം. ഔദ്യോഗിക വസതിയില്‍ നിന്നും പണം എണ്ണുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രപതി ഭവനിലേക്ക് വലിയ കൂട്ടം പ്രതിഷേധക്കാര്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വീഡിയോയില്‍ ചില പ്രതിഷേധക്കാര്‍ നോട്ടുകള്‍ എണ്ണുന്നതാണ് കാണുന്നത്.
ഗൊതബയ രാജപക്‌സെയുടെ വീട്ടില്‍ നിന്ന് ലഭിച്ചതാണ് നോട്ടുകളെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
രാഷ്ട്രപതി ഭവനില്‍ നിന്ന് കണ്ടെടുത്ത തുക സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൈമാറിയതായി ശ്രീലങ്കന്‍ പത്രമായ 'ഡെയ്‌ലി മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വസ്തുതകള്‍ പരിശോധിച്ചതിന് ശേഷമേ സ്ഥിതിഗതികള്‍ പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ശനിയാഴ്ച കൊളംബോയിലെ അതീവ സുരക്ഷാ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.
നിരവധി ആളുകള്‍ രാഷ്ട്രപതിയുടെ വസതിയില്‍ കയറി അക്രമം നടത്തി. ഇവിടുത്തെ കിടപ്പുമുറി മുതല്‍ അടുക്കള, കുളിമുറി വരെ എല്ലായിടത്തും പ്രതിഷേധക്കാര്‍ കയ്യടക്കി. രാഷ്ട്രപതിയുടെ വസതിയിലെ നീന്തല്‍ക്കുളത്തില്‍ പ്രതിഷേധക്കാര്‍ കുളിക്കുന്നതും ചിലര്‍ കിടക്കയിലും സോഫയിലും വിശ്രമിക്കുന്നതുമായ നിരവധി വീഡിയോകള്‍ പുറത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.