1500 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മോസ്‌ക് ആക്കി മാറ്റരുതെന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലര്‍ത്തുന്ന തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ അത് അവഗണിക്കുകയായിരുന്നു.
ഇസ്താംബൂള്‍: ആഗോള ക്രൈസ്തവ സമൂഹത്തിന്റെയും വിവിധ രാജ്യങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റിയിട്ട് രണ്ടു വര്‍ഷം തികഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവില്‍ തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ഒപ്പുവെച്ചിട്ട് ഇന്നലെ രണ്ടു വര്‍ഷം തികഞ്ഞു. 2020 ജൂലൈ 10 നാണ് എര്‍ദോഗന്‍ ഉത്തരവില്‍ ഒപ്പു വച്ചത്.
1500 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മോസ്‌ക് ആക്കി മാറ്റരുതെന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലര്‍ത്തുന്ന തുര്‍ക്കി പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിര്‍ത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 2020 ജൂലൈ 12 ഞായറാഴ്ച ഇതേപ്പറ്റി സംസാരിച്ച ഫ്രാന്‍സിസ് പാപ്പ ഏറെ വികാരഭരിതനായിരുന്നു. 'ഇസ്താംബുള്‍ ഹാഗിയ സോഫിയായെ ഓര്‍ത്ത് ഞാന്‍ വളരെ ഏറെ വേദനിക്കുന്നു' എന്ന് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ കണ്ഠമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് എ.ഡി 537 ലാണ് ഹാഗിയ സോഫിയ നിര്‍മിച്ചത്. ആദ്യ കാലത്ത് ഒരു കതീഡ്രല്‍ ദേവാലയമായിരുന്ന ഹാഗിയ സോഫിയ 'ചര്‍ച്ച് ഓഫ് ദ് ഹോളി വിസ്ഡം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു.
1453 ല്‍ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കി മാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരുന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്ത് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്.
1985ല്‍ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഹാഗിയ സോഫിയയെ മോസ്‌ക്ക് ആക്കി മാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നു വന്നു. കടുത്ത ഇസ്ലാമിക നിലപാടുള്ള തയിബ് എര്‍ദോഗന്‍ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണ തലത്തില്‍ വീണ്ടും ആരംഭിച്ചത്.
ഒടുവില്‍ 2020 ജൂലൈ 10 ന് ദേവാലയത്തെ മോസ്‌ക്കാക്കി മാറ്റാനുള്ള തീരുമാനത്തില്‍ എര്‍ദോഗന്‍ ഒപ്പുവെച്ചു. യുനെസ്‌കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും ആഗോള ക്രൈസ്തവ സമൂഹത്തിന്റെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.