കെപിസിസി നേതൃത്വത്തിനെതിരെ മുരളീധരന്‍: പാര്‍ട്ടിയെ ഐസിയുവിലാക്കാന്‍ ശ്രമമെന്ന് വിമര്‍ശനം; ഫേസ്ബുക്കിലല്ല അതു പറയേണ്ടതെന്ന് അണികള്‍

കെപിസിസി നേതൃത്വത്തിനെതിരെ മുരളീധരന്‍: പാര്‍ട്ടിയെ ഐസിയുവിലാക്കാന്‍ ശ്രമമെന്ന് വിമര്‍ശനം; ഫേസ്ബുക്കിലല്ല അതു പറയേണ്ടതെന്ന് അണികള്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനക്ക് എതിരെ കെ.മുരളീധരന്‍ എംപിയുടെ രൂക്ഷ വിമര്‍ശനം. ഗ്രൂപ്പ് മാനദണ്ഡവും വ്യക്തി താല്‍പര്യങ്ങളും മുന്‍ നിര്‍ത്തി സ്ഥാനമാനങ്ങള്‍ വീതംവച്ച് പാര്‍ട്ടിയെ വീണ്ടും ഐസിയുവിലേക്ക് അയക്കാന്‍ ശ്രമമെന്ന കെപിസിസി നേതൃത്വത്തിനെതിരെയുള്ള മുരളീധരന്‍ രൂക്ഷ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും എതിര്‍പ്പുകള്‍ക്ക് ഇടയാക്കി.

അതു പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും ഫേസ്ബുക്കിലൂടെ അല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചത്. കെപിസിസി പുനസംഘടന പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറാനിരിക്കെയാണ് രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ.മുരളീധരന്‍ രംഗത്തെത്തിയത്.

കെ.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐസിയുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐസിയുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.

കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ആണ് ധാരണയായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.

280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു.

മുരളീധരന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറഞ്ഞു. പാര്‍ട്ടി വേദിയില്‍ പറയാതെ ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് എന്തിന് എന്നാണ് എതിര്‍ അഭിപ്രായക്കാരുടെ വിമര്‍ശനം. ഫേസ്ബുക്കിലെ പ്രതികരണം പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും ഗ്രൂപ്പിസം ശക്തമാണെന്നും കോണ്‍ഗ്രസ് ഇങ്ങനെ പോയാല്‍ നേതാക്കള്‍ മാത്രമേ കോണ്‍ഗ്രസിലുണ്ടാകൂ എന്നാണ് മുരളീധരനെ പിന്തുണയ്ക്കുന്നവരുടെ കമന്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.