ഇന്ത്യന്‍ വംശജന്‍ ബ്രിട്ടണ്‍ ഭരിക്കുമോ? രണ്ടാം ഘട്ട വോട്ടിലും റിഷി സുനക് മുന്നില്‍

ഇന്ത്യന്‍ വംശജന്‍ ബ്രിട്ടണ്‍ ഭരിക്കുമോ? രണ്ടാം ഘട്ട വോട്ടിലും റിഷി സുനക് മുന്നില്‍

ഏറ്റവും കുറവ് വോട്ടു നേടിയ ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍ പുറത്തായി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ
റിഷി സുനകിന് രണ്ടാം ഘട്ട വോട്ടെടുപ്പിലും ജയം. ധനകാര്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന സുനക് ആദ്യ ഘട്ടത്തിലും ഒന്നാമനായിരുന്നു. രണ്ടാം സ്ഥാനത്ത് വാണിജ്യ സഹമന്ത്രി പെന്നി മോര്‍ഡന്റും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മൂന്നാം സ്ഥാനത്തുമാണുള്ളത്. സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് വോട്ടു നേടിയ ഇന്ത്യന്‍ വംശജയായ അറ്റോര്‍ണി ജനറല്‍ സുവെല്ല ബ്രേവര്‍മാന്‍ പുറത്തായി. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഇന്ത്യന്‍ വംശജന്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഒന്നാം റൗണ്ടില്‍ ലഭിച്ചതിനെക്കാള്‍ 13 വോട്ട് കൂടുതല്‍ നേടി 101 വോട്ടുകളുമായാണ് റിഷി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. പെന്നി മോര്‍ഡന്റ് 83 വോട്ടുകള്‍ നേടി. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 16 വോട്ട് കൂടുതല്‍ പെന്നി ഇത്തവണ നേടി. ലിസ് ട്രസ് 64 വോട്ടുമായാണ് മൂന്നാമതെത്തിയത്. മന്ത്രി കെമി ബാഡെനോക്ക് 49 വോട്ടുകള്‍ നേടി നാലാമതും വിദേശകാര്യ സമിതി ചെയര്‍മാന്‍ ടോം തുഗെന്ധത് 32 വോട്ടുകള്‍ നേടി അഞ്ചാമതുമാണ്.


അറ്റോര്‍ണി ജനറല്‍ സുവെല്ല ബ്രേവര്‍മാന്‍

സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും കടുത്ത വിമര്‍ശന ങ്ങളെതുടര്‍ന്നാണ് ബോറിസ് ജോണ്‍സന്‍ രാജിവെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും ഭരണരംഗത്ത് സുതാര്യത ഉറപ്പുവരുത്തുമെന്നും സുനക് നടത്തിയ പ്രസംഗം വലിയ ജനപ്രീതി നേടിയെടുത്തിരിക്കുകയാണ്. മികച്ച ജനപ്രതിനിധിയായും മന്ത്രിയായി നേരത്തെ തന്നെ റിഷി സുനക് പേരെടുത്തിരുന്നു.

42 വയസുകാരനായ റിഷി 2020-ല്‍ കോവിഡ് കാലത്ത് ധനകാര്യമന്ത്രിയായ ശേഷം കോവിഡിനെ പ്രതിരോധിച്ച് നടത്തിയ സാമ്പത്തിക കാര്യ നീക്കങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അതേ സമയം കുടുംബങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ പണം നല്‍കിയില്ലെന്ന ആരോപണവും ഇടയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ബ്രക്സിറ്റിനും റിഷി സുനക് അനുകൂല നിലപാട് എടുത്ത വ്യക്തിയാണ്. ഇന്ത്യയുടെ ഐടി മേഖലയുടെ മുഖമുദ്രയായ ഇന്‍ഫോസിസ് മുന്‍ മേധാവി നാരായണ മൂര്‍ത്തിയുടെ മരുമകനാണെന്നതും ഇന്ത്യന്‍ വംശജര്‍ക്ക് പ്രിയം കൂട്ടുന്നു.

ഇനി അഞ്ചു സ്ഥാനാര്‍ഥികള്‍ മാത്രമാണു ശേഷിക്കുന്നത്. മത്സരരംഗത്ത് രണ്ടു പേര്‍ മാത്രം ശേഷിക്കുന്ന തരത്തില്‍ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും.

പാര്‍ലമെന്റേറിയന്‍മാര്‍ക്കിടയില്‍ റിഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പെന്നിക്കാണ് മുന്‍തൂക്കം. മത്സരത്തിന്റെ അവസാന ഫലം നിര്‍ണയിക്കുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകളാണ്. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റതായിരുന്നു. വിജയിച്ചാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശന്‍ ആകും റിഷി സുനക്.

യശ്വീര്‍-ഉഷാ സുനക്ക് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മൂത്തയാളായി 1980 മേയ് 12ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. സുനക്കിന്റെ കുടുംബം പഞ്ചാബില്‍ നിന്ന് കുടിയേറിയവരാണ്. ഓക്സ്ഫഡ്, സ്റ്റാന്‍ഫോഡ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് ദമ്പതികളുടെ മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.