സിഡ്നി: കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നാശം, മലിനീകരണം, ഖനനം എന്നിവ മൂലം ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക് ഗുരുതര നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആവാസ്ഥ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ ആധാരമാക്കി 30 ലധികം വിദഗ്ധര്‍ രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ പഠനത്തിലാണ് ഓസ്‌ട്രേലിയയുടെ പരിസ്ഥിതി ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന കണ്ടെത്തല്‍ നടത്തിയത്.
കഴിഞ്ഞ രണ്ട് ദശാബദങ്ങളായി ഓസ്‌ട്രേലിയയുടെ ആവാസ്ഥ വ്യവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നാണ് കണ്ടെത്തില്‍. ഇതില്‍ 19 ഓളം ആവാസ വ്യവസ്ഥകള്‍ തകര്‍ച്ചയിലാണെന്ന് നാഷണല്‍ പ്രസ് ക്ലബിനെ അഭിസംബോധന ചെയ്യവേ പരിസ്ഥിതി ജല മന്ത്രി ടാനിയ പ്ലിബര്‍സെക് പഞ്ചവത്സര റിപ്പോര്‍ട്ട് പുറത്ത് വിട്ടുകൊണ്ടു പറഞ്ഞു.
''ഇത് ഞെട്ടിപ്പിക്കുന്ന ഒരു രേഖയാണ്. ഓസ്ട്രേലിയയുടെ പരിസ്ഥിതിയിലെ പ്രതിസന്ധിയുടെയും തകര്‍ച്ചയുടെയും കഥയാണിത്. ഒപ്പം ഒരു ദശാബ്ദക്കാലത്തെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിന്റെയും മനഃപൂര്‍വമായ അജ്ഞതയുടെയും.''- ടാനിയ പ്ലിബര്‍സെക് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി, വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, കൊടുങ്കാറ്റ്, ഉഷ്ണതരംഗങ്ങള്‍ തുടങ്ങിയ തീവ്ര സംഭവങ്ങള്‍ ഓസ്ട്രേലിയയുടെ എല്ലാ ഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ മൂല കാരണം പ്രകൃതിക്കുണ്ടായിട്ടുള്ള പലവിധ ആഘാതങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ
അപൂര്‍വ്വങ്ങളായ ജന്തു-സസ്യ ഇനങ്ങളാല്‍ സമ്പന്നമായ ഓസ്‌ട്രേലിയയുടെ ആവാസവ്യവസ്ഥയില്‍ 2016 ശേഷം വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. 2019-20 കാലത്തുണ്ടായ വലിയ കാട്ടുതീയില്‍ മൂന്ന് ബില്യണ്‍ സസ്യ മൃഗാധികള്‍ കൊല്ലപ്പെടുകയോ മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറി പോകുകയോ ഉണ്ടായിട്ടുണ്ട്. മറ്റേത് ഭൂഖണ്ഡത്തേക്കാള്‍ കൂടുതല്‍ സസ്തനികളുള്ള ഓസ്ട്രേലിയയില്‍ 100 ലധികം സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചു. കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച് പരിപാലിച്ച് പോന്നിരുന്ന അപൂര്‍വ്വ ഇനം സസ്യങ്ങള്‍ രോഗങ്ങളാലും പ്രകൃതി ക്ഷോഭങ്ങളിലും നശിപ്പിക്കപ്പെട്ടു.
2016 മുതല്‍ പട്ടികപ്പെടുത്തിയ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം എട്ട് ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2016 ല്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും എണ്ണം 1,774 ആയിരുന്നു. 2021 ജൂണില്‍ അത് 1,918 ആയി ഉയര്‍ന്നു.
മൂന്ന് പതിറ്റാണ്ടായി വലിയ അളവിലാണ് രാജ്യത്ത് വനനശീകരണം സംഭവിക്കുന്നത്. 1990 കാലഘട്ടത്തില്‍ 6.1 മില്ല്യണ്‍ ഹെക്ടറിലധികം പ്രാദേശിക വനങ്ങള്‍ വെട്ടിത്തെളിച്ചു. 2014 മുതല്‍ 2019 വരെ ഏകദേശം 290,000 ഹെക്ടര്‍ പ്രാഥമിക വനങ്ങളും 343,000 ഹെക്ടര്‍ പ്രകൃതിദത്ത വനങ്ങളും നശിപ്പിക്കപ്പെട്ടു.
ഓസ്‌ട്രേലിയന്‍ വനമേഖലയില്‍ മരങ്ങള്‍ മുറിച്ചു മാറ്റിയ നിലയില്‍
ജലചൂഷണവും ഓസ്‌ട്രേലിയയുടെ പ്രകൃതി നാശത്തിന് മറ്റൊരു കാരണമാണ്. നദികളും വൃഷ്ടിപ്രദേശങ്ങളും മോശമായ അവസ്ഥയിലാണ്. പ്രധാന നദികളിലൊന്നായ മുറേ-ഡാര്‍ലിംഗ് ബേസിനിലെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലായി. കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ നാടന്‍ മത്സ്യങ്ങളുടെ എണ്ണം 90 ശതമാനത്തിലധികം കുറഞ്ഞു.
2016 മുതല്‍ പല വര്‍ഷങ്ങളിലായി ഉണ്ടായ സമുദ്രത്തിലെ ഉഷ്ണതരംഗങ്ങള്‍ വന്‍തോതില്‍ പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗിന് കാരണമായി. ഈ വര്‍ഷം മാര്‍ച്ചില്‍ അത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സമുദ്രത്തിലെ അമ്ലീകരണവും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യപ്പെടുന്നതും പവിഴപ്പുറ്റുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. സമുദ്രോഷ്മാവ് വര്‍ധിക്കുന്നത് മത്സ്യങ്ങളുടെയും കടല്‍ച്ചെടികളുടെ നാശത്തിനും കാരണമായി.
കടല്‍ വെളളത്തില്‍ ചൂട് കൂടിയതോടെ പവിഴപ്പുറ്റുകള്‍ക്ക് ശോഷണം സംഭവിച്ചപ്പോള്‍
ജലപാതകള്‍, ബീച്ചുകള്‍, തീരങ്ങള്‍ എന്നിവ നാശത്തിന്റെ വക്കിലാണ്. പ്രത്യേകിച്ച് നഗര മേഖലകളില്‍. തണ്ണീര്‍ത്തടങ്ങളുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളെ കടലാക്രമണം ബാധിച്ചു. നദീതീരങ്ങളിലെ കണ്ടല്‍ക്കാടുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. വലിയ നിലയിലുള്ള നഗരവത്കരണം അന്തരീക്ഷ മലിനീകരണത്തിനും ചൂട്, തിരക്ക്, മാലിന്യം എന്നിവയ്ക്കും വഴിയൊരുക്കി.
പ്രകൃതിക്ക് നേരെയുള്ള ചൂഷണങ്ങളും ഭീഷണികളും നടയുന്നതില്‍ സര്‍ക്കാരിന്റെ ജാഗ്രതക്കുറവിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പരിസ്ഥിതിക്കുവേണ്ടി വേണ്ടത്ര ഫണ്ട് നീക്കിവയ്ക്കാറില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയും പ്രശ്‌നപരിഹാരത്തിന് തടസമാണെന്നും സിഎസ്ഐആര്‍ഒയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ഇയാന്‍ ക്രെസ്വെല്‍, അഭിഭാഷകന്‍ ഡോ. ടെറി ജാങ്കെ, സിഡ്നി സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. എമ്മ ജോണ്‍സ്റ്റണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്‌ട്രേലിയയിലെ കര്‍ഷിക ഗ്രാമമേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വരള്‍ച്ച
പരിസ്ഥിതിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ നേതൃത്വം, ഫെഡറല്‍, സ്റ്റേറ്റ്, ടെറിട്ടറി സംവിധാനങ്ങളിലുടനീളം സംയോജിത മാനേജ്‌മെന്റ്, ആവശ്യമായ ധനസഹായം, മെച്ചപ്പെട്ട നിരീക്ഷണ സംവിധാനം എന്നിവ ആവശ്യമാണെന്നും ഇവര്‍ റിപ്പോര്‍ട്ടിലൂടെ മുന്നോട്ട് വയ്ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.