ന്യൂയോര്‍ക്ക്: നാസയുടെ ഏറ്റവും വലുതും ചെലവേറിയതുമായ ബഹിരാകാശ ദൂരദര്‍ശിനി ജെയിംസ് വെബ്ബില്‍ (ജെ.ഡബ്ല്യു.എസ്.ടി) ഛിന്ന ഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇടിച്ച് പരിഹരിക്കാനാവാത്ത കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ അതിമനോഹരമായ പ്രപഞ്ച ചിത്രങ്ങള്‍ ജെയിംസ് വെബ് ബഹിരാകാശത്തുനിന്നും അയച്ചതിന് തൊട്ടുപിന്നാലെയാണ് ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
Characterization of JWST science performance from commissioning എന്ന നാസയുടെ റിപ്പോര്‍ട്ടിലാണ് ജെയിംസ് വെബ്ബിന് കൂട്ടിയിടിയില്‍ കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്.
മെയ് മാസത്തില്‍ ഛിന്നഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇടിച്ച് ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രാഥമിക കണ്ണാടിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. കമ്മീഷന്‍ ചെയ്യുന്ന ഘട്ടവുമായി ജെയിംസ് വെബ്ബിന്റെ പ്രകടനം വിലയിരുത്തിയപ്പോള്‍ പരിഹരിക്കാനാവാത്ത ഗുരുതരമായ പ്രശ്നമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേടുപാടുകള്‍ ദൂരദര്‍ശിനിയുടെ പ്രധാന ഭാഗമായ കണ്ണാടിയെ സാവധാനം നശിപ്പിക്കുന്നതാണ്.
ഛിന്നഗ്രഹ കൂട്ടിയിടിയെത്തുടര്‍ന്ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ കണ്ണാടിയില്‍ സംഭവിച്ച കേടുപാട് വലത്തെ ചിത്രത്തില്‍
80000 കോടിയോളം രൂപ ചെലവിട്ട് കഴിഞ്ഞ ഡിസംബറില്‍ വിക്ഷേപിച്ചതുമുതല്‍ ഇതുവരെ ദൂരദര്‍ശിനിയില്‍ ആറു ഛിന്നഗ്രഹങ്ങളുടെ ഭാഗങ്ങള്‍ ഇടിച്ചിട്ടുണ്ട്. എന്നാല്‍ മെയ് 22-നും 24-നും ഇടയിലാണ് ബഹിരാകാശ ദൂരദര്‍ശിനിയുടെ 18 കണ്ണാടികളില്‍ ഒന്നില്‍ ഏറെ മാരകമായ കൂട്ടിയിടിയുണ്ടായത്. ഇത് കാര്യമായ നാശനഷ്ടമുണ്ടാക്കി. തുടക്കത്തില്‍ ഇത് ഗുരുതരമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ സങ്കീര്‍ണതകള്‍ ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു.
പ്രൈമറി മിററിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ദൂരദര്‍ശിനിയുടെ ആയുസിനെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം മറ്റു 17 കണ്ണാടികള്‍ സുരക്ഷിതമാണ്. ദൂരദര്‍ശിനി നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ എല്ലാ ദൗത്യങ്ങളും നിറവേറ്റുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജൂണില്‍, ഛിന്നഗ്രഹ കൂട്ടിയിടിയെത്തുടര്‍ന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ വെബിന്റെ കണ്ണാടി ഛിന്നഗ്രഹ ആക്രമണത്തെ ചെറുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), കനേഡിയന്‍ ബഹിരാകാശ ഏജന്‍സി (സിഎസ്എ) എന്നിവയുടെ സഹകരണത്തോടെ 10 ബില്യണ്‍ ഡോളര്‍ ചെലവിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി നിര്‍മ്മിച്ചത്.
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ജെയിംസ് വെബ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്. ഈ മാസമാദ്യമാണ് പ്രപഞ്ച രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന നിരവധി ചിത്രങ്ങള്‍ ജെയിംസ് വെബ്ബ് ബഹിരാകാശത്ത് നിന്ന് പകര്‍ത്തി അയച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.