നീറ്റ് പരീക്ഷാ വിവാദം: അഞ്ച് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍; പ്രത്യേക അന്വേഷണ സമിതിക്ക് എന്‍.ടി.എ രൂപം നല്‍കി

 നീറ്റ് പരീക്ഷാ വിവാദം: അഞ്ച് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍; പ്രത്യേക അന്വേഷണ സമിതിക്ക് എന്‍.ടി.എ രൂപം നല്‍കി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ ജീവനക്കാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ, സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരായ ഗീതു, ജ്യോത്സന, ബീന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം ചൊവ്വാഴ്ച കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. കൊല്ലം റൂറല്‍ എസ്പി കെ.ബി രവിയും കോളജിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ദേഹ പരിശോധനയുടെ ചുമതല സ്വകാര്യ ഏജന്‍സിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവര്‍ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികള്‍ക്കു പുറമെ മൂന്നു വിദ്യാര്‍ഥിനികള്‍ കൂടി ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. കൂടാതെ വനിതാ കമ്മിഷന്‍ അംഗങ്ങളും കോളജിലെത്തിയിരുന്നു.

വിനത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.