എറണാകുളം - അങ്കമാലി അതിരൂപത കുർബ്ബാന ഏകീകരണ വിവാദം സമവായത്തിലേക്കോ ?

എറണാകുളം - അങ്കമാലി അതിരൂപത കുർബ്ബാന ഏകീകരണ വിവാദം സമവായത്തിലേക്കോ ?

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത കർബ്ബാന ഏകീകരണ വിവാദം അവസാനിക്കുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. വികാർ  ഓഫ് മേജർ ആർച്ച്ബിഷപ്പ് സ്ഥാനം വഹിക്കുന്ന മാർ ആന്റണി കരിയിലിനെ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിച്ചു വരുത്തുകയും വത്തിക്കാനിൽ നിന്നുള്ള അന്തിമ നിർദ്ദേശം നൽകുകയും ചെയ്തു .

ബുധനാഴ്ച്ച ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ ബിഷപ്പ്, ഇന്ന് എറണാകുളം - അങ്കമാലി കൂരിയ വിളിച്ചു കൂട്ടി വത്തിക്കാന്റെ നിർദ്ദേശം ചർച്ച ചെയ്തു.  എന്നാൽ ഒരു കാരണവശാലും ജനാഭിമുഖ കുർബ്ബാന ഉപേക്ഷിക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ് എറണാകുളത്തെ വിമത പക്ഷം. മാർപ്പാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങൾ അനുസരിക്കാൻ തയ്യാറാകുന്ന വൈദീകർക്കെതിരെ നടപടി എടുക്കുകയും അങ്ങനെയുള്ള വൈദീകരെ ഇടവക ഭരണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന പ്രവർത്തന രീതിയാണ് അതിരൂപത ഭരണനേതൃത്വം കൈകൊണ്ടു വരുന്നത്. ഇത്തരം കാര്യങ്ങളിൽ സഭ തലവന്റെ നിർദ്ദേശങ്ങൾ മാനിക്കാൻ  പോലും തയ്യാറാകാതിരുന്നത്  വലിയയൊരു പങ്ക് വിശ്വാസികളിലും പ്രതിഷേധത്തിനിടയാക്കി.

മാർപ്പാപ്പയുടെ ആഹ്വാനം അനുസരിച്ച് ഏകീകൃത കുർബാന ക്രമം അതിരൂപതയിൽ നടപ്പിലാക്കുക, മേലധികാരികളെ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത പാസ്റ്ററൽ കൗൺസിൽ, അതിരൂപത കൂരിയ എന്നിവ പിരിച്ചുവിടുക, സഭ സിനഡ് തീരുമാനം അനുസരിച്ച് കുർബാന അർപ്പണം നടത്തിയ ഫാ.സെലസറ്റ്യൻ ഇഞ്ചയ്ക്കലിനെതിരെയുള്ള നടപടി പിൻവലിക്കുക, നിരന്തരം അച്ചടക്ക ലംഘനം നടത്തി വരുന്ന മെത്രാപ്പോലീത്തൻ വികാരിയെ മെത്രാൻ പദവിയിൽ നിന്ന് ഉടൻ നീക്കം ചെയ്യുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സഭാ സംരക്ഷണ സമിതി ശനിയാഴ്ച പ്രതിഷേധ സമരം നടത്തിയിരുന്നു.

മാർപ്പാപ്പയുടെ നിർദ്ദേശത്തിന് വിരുദ്ധമായി ഏറെക്കാലം എറണാകുളം അങ്കമാലി രൂപതയ്ക്ക് പിടിച്ചു നിൽക്കാനാവില്ല എന്നാണ് സഭാ നിരീക്ഷകർ കരുതുന്നത്. സീറോ മലബാർ സഭയിൽ തന്നെയുള്ള വ്യത്യസ്ത ആരാധനക്രമം പുലർത്തുന്ന സഭയായി നിലനിക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യം വത്തിക്കാൻ പൂർണ്ണമായും നിരാകരിച്ചതിനാൽ അനുസരിക്കുക അല്ലാതെ മറ്റു പോം വഴികളൊന്നും അതിരൂപത നേതൃത്വത്തിനില്ല. എന്നാൽ വിമത ഭാഗത്തെ ചില വക്താക്കൾ മറ്റൊരു സഭയായി മാറണം എന്ന ചിന്താഗതിയുമായി മുന്നോട്ടു പോകുകയാണ്. ഈ സാഹചര്യത്തിൽ സഭാ സിനഡിനൊപ്പം നില്ക്കാൻ കൂടുതൽ പേർ  മുൻപോട്ട് വരുന്നത് അതിരൂപതയിലെ വിമത വൈദികരെ അസ്വസ്ഥരാക്കുന്നു. വിശ്വാസികളുടെ തീക്ഷ്‌ണതയും  താല്പര്യവും തിരിച്ചറിഞ്ഞ് ഭൂരിപക്ഷം വൈദികരും സഭയുടെ ഔദ്യോഗിക തീരുമാനത്തിനൊപ്പം നിൽക്കാനാണ് സാധ്യത എന്ന് നിരീക്ഷകർ കരുതുന്നു. എന്ത് വില കൊടുത്തും വിശ്വാസികളെയും വൈദികരെയും തങ്ങൾക്കൊപ്പം നിർത്താൻ വിമത വൈദീകർ ശ്രമം നടത്തുന്നതായും റിപ്പോർട്ട് ഉണ്ട്.

അനുസരിക്കുക അല്ലെങ്കിൽ ഉടൻ പദവി ഒഴിയുക എന്ന നിർദ്ദേശമാണ് വത്തിക്കാൻ നുൺഷ്യോ അറിയിച്ചിരിക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്. അതിരൂപത നേതൃത്വം തിരക്കിട്ട കൂടിയാലോചനയിലാണ്. ഉടനെ തന്നെ ഇതിനെ സംബന്ധിച്ച് സർക്കുലർ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.