പുരുഷന്‍മാര്‍ അധികം വെയില്‍ കൊള്ളേണ്ട, വിശപ്പ് കൂടും!

പുരുഷന്‍മാര്‍ അധികം വെയില്‍ കൊള്ളേണ്ട, വിശപ്പ് കൂടും!

ടെല്‍ അവീവ്: സൂര്യപ്രകാശം കൂടുതല്‍ കൊണ്ടാല്‍ പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിക്കുമെന്ന് കണ്ടെത്തല്‍. ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. പുതിയ കണ്ടുപിടുത്തത്തില്‍ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍ ഉയരുന്നുണ്ട്.

സ്ത്രീകളില്‍ പക്ഷേ സൂര്യപ്രകാശം ഇത്തരത്തിലൊരു മാറ്റത്തിന് വഴിയൊരുക്കില്ലെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായക സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും.

സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നതു മൂലം ത്വക്കിലെ കോശങ്ങളിലെ ഡിഎന്‍എയ്ക്ക് തകരാറ് സംഭവിക്കുന്നതിനെ തുടര്‍ന്നാണ് ഗ്രെലിന്റെ ഉത്പാദനം വര്‍ധിക്കുന്നതെന്നാണ് നിഗമനം. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സാന്നിധ്യം ഇത് തടയുന്നു. സംഗീതം, പ്രകാശം, വാസന എന്നിവ ഗ്രെലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.

ത്വക്കാണ് ഇവിടെ പ്രധാന മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്. ഹോര്‍മോണ്‍ സംബന്ധിയായ രോഗങ്ങളുടെ നിര്‍ണയത്തിലും ചികിത്സയിലും ഇത്തരം ലിംഗപരമായ വ്യതിയാനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാനാവുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും വര്‍ധനവുണ്ടാക്കാന്‍ സാധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. എലികളിലും മനുഷ്യരിലും ആണ്‍ജീവികളിലെ ഗ്രെലിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിക്കുന്നതിന് അള്‍ട്രാവയലറ്റ് കാരണമാകുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആമാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. മൂന്ന് വര്‍ഷത്തിനിടെ 3000 പേരില്‍ നടത്തിയ പരിശോധനയില്‍ വേനല്‍ക്കാലത്ത് പുരുഷന്‍മാരുടെ ഭക്ഷണത്തിന്റെ അളവില്‍ 300 കലോറി വര്‍ധനവ് കണ്ടെത്താന്‍ പഠനത്തിന് സാധിച്ചു. പുതിയ പഠന റിപ്പോര്‍ട്ട് ശാസ്ത്രലോകത്തിനും കൗതുകമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.