ലുലുമാളിലെ നമസ്‌കാരം; നാലു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലുലുമാളിലെ നമസ്‌കാരം; നാലു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ: ലുലുമാളില്‍ നിസ്കാരം നടത്തിയ സംഭവത്തില്‍ നാലു പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 12ന് ലുലു മാളില്‍ നിസ്‌കരിച്ച നോമന്‍, ലുഖ്മാന്‍, അതിഫ്, റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ നാലു പേരെക്കൂടാതെ ഷോപ്പിങ് മാളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്രമസമാധാനം തകര്‍ത്തതിന് 18 പേര്‍ക്കെതിരെ ജൂലൈ 16ന് കേസെടുത്തിരുന്നു. അന്നുതന്നെ ഹനുമാന്‍ ചാലിസ ചൊല്ലി മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു.

സുരക്ഷാ വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും ലുലു മാള്‍ വിവാദത്തെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ചില ആളുകള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയും മാള്‍ സന്ദര്‍ശിക്കുന്ന ആളുകളെ തടയുന്നതിനായി പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രാര്‍ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡില്‍ ഗതാഗതം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു യോഗി അന്ന് വ്യക്തമാക്കിയിരുന്നു.

ലുലുമാളില്‍ ആളുകള്‍ നിസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്. നിസ്‌കാരത്തിനു പിന്നാലെ മാളില്‍ തീവ്രഹിന്ദു സംഘടനകള്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ശ്രമിച്ചതും വിവാദമായി. നിസ്‌കാരം തുടരാന്‍ അനുവദിച്ചാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നിസ്‌കാരം നിര്‍വഹിച്ച അജ്ഞാതര്‍ക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.

രണ്ടായിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച മാള്‍ ജൂലൈ പതിനൊന്നിനാണ് തുറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.