കുട്ടികള്‍ ഗര്‍ഭിണികളാകുന്നു: ആശങ്കയറിയിച്ച് ഹൈക്കോടതി; ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും നിര്‍ദേശം

കുട്ടികള്‍ ഗര്‍ഭിണികളാകുന്നു: ആശങ്കയറിയിച്ച് ഹൈക്കോടതി; ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും നിര്‍ദേശം

പതിമൂന്നു വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം സമൂഹത്തില്‍ വലിയ ആകുലത ഉയര്‍ത്തുന്ന ഒന്നാണെന്ന് ഹൈക്കോടതി.

കൊച്ചി; സംസ്ഥാനത്ത് കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. 13 വയസുള്ള പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യത്തില്‍ കടുത്ത ആശങ്ക പങ്കു വച്ചത്.

പെണ്‍കുട്ടിയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ട സാഹചര്യത്തില്‍ അത് അലസിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നുമായിരുന്നു മാതാവിന്റെ ആവശ്യം. ജസ്റ്റിസ് വി.ജി അരുണ്‍ കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം കോടതി എടുത്തു പറഞ്ഞു. വിദ്യാര്‍ഥികള്‍ തെറ്റായ വഴികളില്‍ സഞ്ചരിക്കാതിരിക്കുവാനും ചതികളില്‍ വീഴാതിരിക്കുവാനും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യം അതിപ്രധാനമാണെന്നും ഇക്കാര്യത്തില്‍ സ്‌കൂളുകളിലെ പാഠ്യപദ്ധതിയും ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

പതിമൂന്നു വയസുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം സമൂഹത്തില്‍ വലിയ ആകുലത ഉയര്‍ത്തുന്ന ഒന്നാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പോലും പതിമൂന്നുകാരിക്ക് അറിയില്ലായിരുന്നു. വയറു വേദനയെ തുടര്‍ന്ന് ഡോക്ടറുടെ അടുത്തെത്തി നടത്തിയ പരിശോധനയിലാണ് കാര്യമറിഞ്ഞത്.

ഇങ്ങനെയുള്ള സംഭവങ്ങളില്‍ കൂടുതലും പ്രതികളായി എത്തുന്നത് പെണ്‍കുട്ടികളുടെ അടുത്ത ബന്ധുക്കളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിലാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇന്റര്‍നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുകയും തെറ്റായ ആശയങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നതായി കോടതി പറഞ്ഞു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം തുടങ്ങിയത്.

ഇക്കഴിഞ്ഞ ജൂണ്‍ എട്ടിന് പതിനഞ്ച് വയസുള്ള ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ലൈംഗിക വിദ്യാഭ്യാസത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതില്‍ വിദ്യാഭ്യാസ സംവിധാനത്തിനു കഴിയുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടതും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിയുടെ മകളുടെ ഗര്‍ഭഛിദ്രത്തിന് സിംഗിള്‍ ബെഞ്ച് അനുമതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കണമെന്നാണ് കോടതി പറഞ്ഞത്. ഇതിനായി മെഡിക്കല്‍ ടീമിനെ നിയോഗിക്കണം. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ പരിചരണവും ചികിത്സയും നല്‍കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഹര്‍ജിക്കാരി തയ്യാറല്ലെങ്കില്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നിയമപ്രകാരം സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.