വീടുകളിലും സ്ഥാപനങ്ങളിലും 13 മുതല്‍ ദേശീയപതാക ഉയര്‍ത്തും

വീടുകളിലും സ്ഥാപനങ്ങളിലും 13 മുതല്‍ ദേശീയപതാക ഉയര്‍ത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ് 13 മുതല്‍ സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തും.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. ഓഗസ്ത് 13-ന് പതാക ഉയർത്തി 15 വരെ നിലനിർത്താം. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ളാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്.

കുടുംബശ്രീ മുഖേന കൂടുതൽ ദേശീയപതാക നിർമിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാകനിർമാണത്തിന് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്കു നിർദ്ദേശം നൽകി. സ്കൂൾവിദ്യാർഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾക്കുട്ടികളില്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം.

ഓഗസ്റ്റ് 12 നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം.

ഓഗസ്റ്റ് 15 ന് സ്കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.