സിഡ്‌നിയില്‍ വീടിനു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് തീപിടിച്ചത് 500 വീടുകള്‍ക്ക്

സിഡ്‌നിയില്‍ വീടിനു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് തീപിടിച്ചത് 500 വീടുകള്‍ക്ക്

സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ വീടിനു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. രണ്ട് സ്ത്രീകളും 10 വയസുള്ള ഒരു കുട്ടിയുമാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ഹിഞ്ചിന്‍ബ്രൂക്കിലെ റോട്ട്‌നെസ്റ്റ് അവന്യൂവിലാണ് സംഭവമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോള്‍ ആറു പേരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേരെ പരിക്കുകളോടെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. 40-നും 60-നുമിടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്.

40 വയസുകാരനെയും 60 വയസുള്ള സ്ത്രീയെയും കോണ്‍കോര്‍ഡ് ആശുപത്രിയിലും 30 വയസുള്ള സ്ത്രീയെ ലിവര്‍പൂള്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നു പേരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.


തീ നിയന്ത്രണവിധേയമാക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍

സംഭവമറിഞ്ഞ് രക്ഷാപ്രര്‍ത്തകര്‍ എത്തുമ്പോഴേക്കും തീ ആളിക്കത്തിയിരുന്നു. അതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വീടിനകത്തേക്കു കയറാന്‍ കഴിഞ്ഞില്ല. തീ നിയന്ത്രണവിധേയമായതോടെ രണ്ടാം നിലയില്‍ പ്രവേശിച്ചപ്പോഴാണ് രണ്ടു പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റു ഗുരുതരാവസ്ഥയിലായിരുന്ന പത്തു വയസുകാരനെ പുറത്തെത്തിച്ച് വെസ്റ്റ്മീഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീ ആളിപ്പടരുമ്പോള്‍ വീടിനു മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ പുറത്തെത്തിക്കാന്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് അഗ്‌നിശമന സേനാംഗങ്ങള്‍ കാഴ്ച്ചവച്ചത്. 60 പേര്‍ ചേര്‍ന്നാണ് തീയണച്ചത്. സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനും കഴിഞ്ഞു. സംഭവസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് പാരാമെഡിക്കല്‍ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സിലെ ഡൊമിനിക് കാര്‍ പറഞ്ഞു.

തീയണയ്ക്കുന്നതിനിടെയാണ് രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്കു പരിക്കേറ്റത്. ഒരാള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും മറ്റൊരാള്‍ നിലത്തു വീഴുകയും ചെയ്തു. ഇരുവരെയും ആശുപതിയില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തം വളരെ തീവ്രതയേറിയതായിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സൂപ്രണ്ട് ലൂക്ക് അണ്‍സ്വര്‍ത്ത് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ശീതകാലമായതിനാല്‍ വീടിന് തീപിടിക്കാനുള്ള സാധ്യത ഏറെയാണെന്ന് ലൂക്ക് പറഞ്ഞു. ജൂണ്‍ മുതല്‍ ഇതുവരെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 500 വീടുകള്‍ക്ക് തീപിടിച്ചതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡെപ്യൂട്ടി കമ്മീഷണര്‍ മേഗന്‍ സ്റ്റിഫ്ലര്‍ പറഞ്ഞു. 13 പേര്‍ വെന്തുമരിച്ചു.

ഈ വര്‍ഷം തീപിടിത്തമുണ്ടായ പകുതിയോളം വീടുകളിലും സ്‌മോക് അലാറങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.