'ഓരോ ദരിദ്രന്റെയും നേട്ടമാണ് തന്റെ പദവി; രാജ്യം തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ശക്തി': രാഷ്ട്രപതി ദ്രൗപതി മുര്‍മു

 'ഓരോ ദരിദ്രന്റെയും നേട്ടമാണ് തന്റെ പദവി; രാജ്യം തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ശക്തി': രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പാവപ്പെട്ടവരുടേയും നേട്ടവും ദരിദ്രര്‍ക്ക് സ്വപ്നം കാണാന്‍ മാത്രമല്ല, അത് യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും എന്നതിന്റെ തെളിവുമാണ് തന്റെ നാമനിര്‍ദേശമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

രാജ്യം തന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗക്കാര്‍ക്ക് തന്നിലൂടെ ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നല്‍കുന്ന കാര്യമാണ്. വനിതാ ശാക്തീകരണമാണ് ലക്ഷ്യം. ദളിത് ഉന്നമനത്തിനായും പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് രാഷ്ട്രപതിയാകുന്ന ആദ്യത്തെ വ്യക്തിയാണ് താനെന്നും മുര്‍മു പറഞ്ഞു.

നേരത്തേ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് മുമ്പാകെ സത്യവാചകം ചൊല്ലിയാണ് മുര്‍മു സ്ഥാനമേറ്റത്.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍,സേനാ മേധാവിമാര്‍, മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.