ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ അറസ്റ്റിലായി. വിജയ് ചൗക്കില്‍ നിന്നുമാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
ഇതോടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. എംപിമാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
ചോദ്യം ചെയ്യലിനെതിരെ കോണ്‍ഗ്രസ് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. എഐസിസി ആസ്ഥാനത്ത് വന്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
ഇ.ഡിക്കെതിരെ സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോട്ടയത്തും കണ്ണൂരും കാസര്‍കോടും തിരുവല്ലയിലും തൃശൂരിലും ട്രെയിനുകള്‍ തടഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. പൊലീസെത്തി പ്രതിഷേധിച്ചവരെ നീക്കി.
കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പാളത്തില്‍ ഇറങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് ചോദ്യം ചെയ്തത്. ഇതിന് ശേഷമാണ് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പല ദിവസങ്ങളിലായി 55 മണിക്കൂര്‍ ഈ.ഡി ചോദ്യം ചെയ്തിരുന്നു. രാഹുലിന്റെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം. മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്ന് ഇ.ഡി ഓഫീസില്‍ എത്തിയത്.
യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇ.ഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.