ഒരു പാര്‍ട്ടിയിലേക്കും ഇല്ല; സ്വതന്ത്രനായി തുടരുമെന്ന് യശ്വന്ത് സിന്‍ഹ

ഒരു പാര്‍ട്ടിയിലേക്കും ഇല്ല; സ്വതന്ത്രനായി തുടരുമെന്ന് യശ്വന്ത് സിന്‍ഹ

കൊല്‍ക്കത്ത: ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കി യശ്വന്ത് സിന്‍ഹ. പൊതുജീവിതത്തില്‍ താന്‍ എന്ത് പങ്കാണ് വഹിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എണ്‍പത്തിനാലുകാരനായ സിന്‍ഹ പറഞ്ഞു.

സ്വതന്ത്രനായി തന്നെ തുടരാനാണ് തീരുമാനം. ഒരു പാര്‍ട്ടിയുടേയും ഭാഗമാകാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച യശ്വന്ത് സിന്‍ഹ പറഞ്ഞു.

തൃണമൂല്‍ നേതൃത്വവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് നിഷേധാത്മകമായ മറുപടിയാണ് സിന്‍ഹ നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ ആരുമായും ഇപ്പോള്‍ രാഷ്ട്രീയപരമായി സംസാരിക്കാറില്ലെന്നും വ്യക്തിപരമായി താന്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതു ജീവിതത്തില്‍ താന്‍ എന്ത് പങ്ക് വഹിക്കും ഇപ്പോള്‍ എണ്‍പത്തിനാല് വയസുണ്ട് അതിനാല്‍ തന്നെ താന്‍ ഇനി എത്രത്തോളം സജീവമായിരിക്കും എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസും തൃണമൂലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത നോമിനിയായിരുന്നു യശ്വന്ത് സിന്‍ഹ. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ആയിരുന്നു. തുടര്‍ന്ന് മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

2018ലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടത്. പിന്നീട് പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് 2021 മാര്‍ച്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമാകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.