മങ്കിപോക്‌സിനെതിരേ വാക്‌സിന്‍ നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയില്ല; നിരീക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മങ്കിപോക്‌സിനെതിരേ വാക്‌സിന്‍ നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയില്ല; നിരീക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ തല്‍ക്കാലം വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിരീക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മങ്കിപോക്‌സിന് മരണനിരക്കും രോഗവ്യാപന നിരക്കും കുറവാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം, സ്‌മോള്‍പോക്‌സിനുള്ള വാക്‌സിനേഷന്‍ പുനരാരംഭിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1979 ലാണ് ഇന്ത്യയില്‍ സ്‌മോള്‍പോക്‌സിനുള്ള വാക്‌സിനേഷന്‍ നിര്‍ത്തിയത്. സ്‌മോള്‍പോക്‌സിനുള്ള വാക്‌സിന്‍ സ്വീകരിച്ചവരില്‍ 85 ശതമാനം പേര്‍ക്കും മങ്കിപോക്‌സ് വരാനുള്ള സാധ്യത വിരളമാണെന്ന് ഡോ. ഈശ്വര്‍ ഗില്‍ഡ പറഞ്ഞു.

സ്‌മോള്‍പോക്‌സിന്റെ രണ്ടാം, മൂന്നാം തലമുറ വാക്‌സിനുകള്‍ മങ്കിപോക്‌സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവയുടെ ഉല്‍പാദനം ഇന്ത്യയില്‍ നടത്തുന്നില്ല. അതിന് അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സാങ്കേതികവിദ്യയും ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ. ചന്ദ്രകാന്ത് ലഹാരിയ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്‌സ് കേസുകള്‍ കേരളത്തിലാണ് സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ വിദേശ യാത്ര നടത്തിയിരുന്നു. എന്നാല്‍, നാലാമത്തെ കേസ് ഏവരെയും ഞെട്ടിച്ചു. നാലാമത്തെ കേസ് സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. എന്നാല്‍, മങ്കിപോക്‌സ് സ്ഥിരീകരിച്ച പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന 31 കാരന് വിദേശ യാത്രാ ചരിത്രമൊന്നുമില്ല എന്നത് ആശങ്ക പടര്‍ത്തുകയാണ്.

നിലവില്‍ ഇന്ത്യയില്‍ മങ്കിപോക്‌സ് രോഗികള്‍ കുറവാണ് എങ്കിലും ലോകമെമ്പാടും ഇത് വ്യാപിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മങ്കിപോക്‌സിനെ ആഗോള പകര്‍ച്ച വ്യധിയായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്‌സിനെ അടിയന്തിര ആഗോള പൊതുജന ആരോഗ്യ ആശങ്ക എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.