ചാവറയച്ചനെ വിസ്മരിക്കുന്നവര്‍ അപ്പാവുവിനെ കേള്‍ക്കണം

ചാവറയച്ചനെ വിസ്മരിക്കുന്നവര്‍ അപ്പാവുവിനെ കേള്‍ക്കണം

ഇരട്ടച്ചങ്ക്... നട്ടെല്ല് തുടങ്ങിയ പദങ്ങള്‍ വഴിയോരങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളിലും സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളിലും കാണാത്ത മലയാളികള്‍ കുറവാണ്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 ന് ശേഷം ഈ രണ്ട് വാക്കുകള്‍ക്കും അനിതര സാധാരണമായ മാര്‍ക്കറ്റ് വാല്യൂ കൈവന്നിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.

പക്ഷേ, അവയൊക്കെ യാഥാര്‍ത്ഥ്യവുമായി പുല ബന്ധമില്ലാത്ത വെറും പുകഴ്ത്തലുകള്‍ മാത്രമായി ആന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍ ഇതാ വരുന്നു അയല്‍പക്കത്തു നിന്നൊരു ഇരട്ടച്ചങ്കന്‍... നട്ടെല്ലുള്ളവന്‍. അത് മറ്റാരുമല്ല തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവുവാണ്.

ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയക്കാരനും പറയാന്‍ മടിക്കുന്ന ചരിത്രസത്യം അതിന്റെ തനിമ ചോരാതെ തുറന്നു പറഞ്ഞു ഡിഎംകെ നേതാവും തമിഴ്‌നാട് സ്പീക്കറുമായ എം.അപ്പാവു. 'തമിഴ്‌നാടിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷനറിമാരാണ്. നിങ്ങളുടെ പ്രവര്‍ത്തനമാണ് തമിഴ്‌നാടിന്റെ അടിത്തറ പാകിയത്. ക്രിസ്ത്യന്‍ മിഷണറിമാര്‍ മാത്രമാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം സമത്വവും ലഭ്യമാക്കിയത്' - ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ സാരാംശം.

തമിഴ്‌നാട് മാത്രമല്ല, കേരളമടക്കം ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങിലുമുള്ള രാഷ്ട്രീയ നേതാക്കളുടെ നാവില്‍ നിന്നും ഉയരേണ്ടതും എന്നാല്‍ ചില കപട ദേശീയ വാദികളെയും ന്യൂനപക്ഷ തീവ്രവാദികളെയും ഭയന്ന് അവര്‍ ചവറ്റുകൊട്ടയിലെറിഞ്ഞതുമായ അപ്രീയ സത്യങ്ങള്‍ ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞ അപ്പാവുവാണ് യഥാര്‍ത്ഥ ഇരട്ടച്ചങ്കന്‍.

ചാവറയച്ചനെ പോലുള്ള നവോത്ഥാന നായകരായ ക്രസ്ത്യന്‍ മിഷണറിമാരെ വിസ്മരിക്കുകയും പാഠ്യ പദ്ധതിയില്‍ നിന്നു പോലും ഒഴിവാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന വിപ്ലവ പ്രസ്ഥാനക്കാരുടെ ഭരണകൂട നേതൃത്വം താന്‍ പഠിച്ചതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ അന്തസോടെ, നട്ടെല്ലു നിവര്‍ത്തി പറഞ്ഞ അപ്പാവുവില്‍ നിന്നു പഠിക്കണം... എന്തായിരുന്നു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച പങ്ക് എന്ന്.

ഗതകാലങ്ങളുടെ ആഖ്യായനമാണ് ചരിത്രം. അതിലെ രേഖപ്പെടുത്തലുകളെ സത്യസന്ധമായി പരിശോധിക്കുമ്പോള്‍ ക്രൈസ്തവ സഭകളുടെ സംഭാവനകളെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു ചരിത്ര പഠനം അസാധ്യമാണെന്ന് നിശ്ചയമായും പറയാം. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവത്തിനു പുറമേ ആതുര ശുശ്രൂഷയിലും അനാഥര്‍ക്ക് കരുതല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിച്ചും മാതൃക ആയവരാണ് ക്രൈസ്തവ സമൂഹം.

തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷണറിമാരാണെന്ന അപ്പാവുവിന്റെ തുറന്നു പറച്ചില്‍ ശ്രദ്ധേയമാണ്. ഇങ്ങനെ സത്യം സത്യമായി തുറന്നു പറയാന്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തയ്യാറായാല്‍ നിങ്ങളൊക്കെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ചാവറയച്ചനെപ്പോലുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യമൊട്ടാകെ തുടങ്ങിയ പള്ളിക്കൂടങ്ങളില്‍ നിന്നാണന്ന് പറയേണ്ടി വരും.

കാല യവനികയ്ക്കുള്ളില്‍ മറഞ്ഞവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ നായകന്‍മാരില്‍ എത്ര ശതമാനം പേര്‍ ക്രിസ്ത്യാനികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയവരാണന്ന ഒരു കണക്ക് പുറത്തു വിടുന്നത് സ്വാഗതാര്‍ഹമാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തര ആക്രമണങ്ങള്‍ അഴിച്ചു വിടുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുമോ?..

വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭയുടെ സംഭാവനകളെ മോശമായി ചിത്രീകരിക്കാന്‍ തത്രപ്പെടുന്ന പലരുടെയും മക്കള്‍ നല്ല വിദ്യാഭ്യാസത്തിനായി ഇപ്പോഴും ആശ്രയിക്കുന്നത് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എന്ന സത്യവും 'രഹസ്യ'മായി തന്നെ ഇരിക്കട്ടെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.