കലാപ ആഹ്വാനവും ഗൂഢാലോചനയും; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹര്‍ജി

കലാപ ആഹ്വാനവും ഗൂഢാലോചനയും; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹര്‍ജി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിക്കുമെതിരെ കോടതിയില്‍ ഹര്‍ജി. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കലാപ ആഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം എന്നാണ് ആവശ്യം.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവം നടന്ന ഉടന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രതികരണം. കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഎം അണികള്‍ ഒരു തരത്തിലും പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും ആക്രമണത്തിന് പിന്നാലെ ജയരാജന്‍ പറഞ്ഞിരുന്നു.

ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടതെന്നും പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയില്‍ നിന്ന് ഇളകി എന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടന്‍ പ്രതികരിച്ചിരുന്നു.

അതേസമയം എകെജി സെന്റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുകയാണ്. വിവാദമായ കേസില്‍ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സര്‍ക്കാരിനും നാണക്കേടായിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം.

അതിനിടെ പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാസം 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.