ഈശോ സഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള

ഈശോ സഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള

അനുദിന വിശുദ്ധര്‍ - ജൂലൈ 31

ലോകമെമ്പാടും സാന്നിധ്യമുള്ള ഈശോ സഭയുടെ സ്ഥാപകനാണ് വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള. സ്പെയിനിലെ പിറനീസ് പര്‍വ്വത പ്രദേശത്തുള്ള ലയോള എന്ന കുലീന കുടുംബത്തില്‍ 1491 ലാണ് ഇഗ്‌നേഷ്യസിന്റെ ജനനം. ഫെര്‍ഡിനന്റ് പതിനഞ്ചാമന്റെ രാജ മന്ദിരത്തില്‍ ഇഗ്‌നേഷ്യസ് ഒരു സേവകനായും സൈനികനായും സേവനമനുഷ്ഠിച്ചു.

ഇക്കാലത്തു നടന്ന പമ്പലോണിയ യുദ്ധത്തില്‍ വെടിയേറ്റ് അദ്ദേഹത്തിന്റെ രണ്ടു കാലിനും ഗുരുതരമായ മുറിവേറ്റു. നീണ്ട കാലത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹം സുഖപ്പെട്ടത്. ഇതിനിടയില്‍ മരണത്തോളമെത്തിയ കഠിനമായ ഒരു ജ്വരം ഇഗ്‌നേഷ്യസിനെ ബാധിച്ചിരുന്നു.

വൈദ്യന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട അദ്ദേഹത്തെ പത്രോസ് ശ്ലീഹ ഒരു ദര്‍ശനത്തിലൂടെ സുഖപ്പെടുത്തി. ദീര്‍ഘകാലം കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ നിവൃത്തിയില്ലായിരുന്ന വിശുദ്ധന്‍ ഈ കാലഘട്ടങ്ങളില്‍ ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും ജീവചരിത്രം വായിക്കുവാന്‍ ഇടയായി.

ഈ ജീവ ചരിത്രങ്ങള്‍ അദ്ദേഹത്തെ ചിന്തിപ്പിച്ചു. 'അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തു കൊണ്ട് ഒരു പുണ്യവാനായിക്കൂടാ?' ഈ ചിന്ത അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു വിശ്വസ്ത ഭടനാക്കി മാറ്റി. ഉടന്‍ തന്നെ അദ്ദേഹം മോണ്ടുസെറാറ്റ് ബെനഡിക്ടന്‍ ആശ്രമത്തിലേയ്ക്കു താമസം മാറ്റി.

പിന്നീട് അവിടെ നിന്ന് മാണ്ടെറായിലേക്ക് മാറി. കുറച്ചു നാളുകള്‍ക്കു ശേഷം ഏകാന്ത ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെ വിശുദ്ധന്‍ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അവിടെ നിന്ന് വിശുദ്ധ സ്ഥലങ്ങളിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി.

ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള തീവ്രമായ ആഗ്രഹത്താല്‍ ഒരു വൈദികനാകുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി പതിനൊന്നു വര്‍ഷം പല സര്‍വ്വകലാശാലകളിലായി പഠിച്ചു. ഈ കാലഘട്ടത്തില്‍ ഫ്രാന്‍സീസ് സേവ്യര്‍ ഉള്‍പ്പെടെ ആറു പേര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.

അവര്‍ ഒരുമിച്ച് 1534 ഓഗസ്റ്റ് 15ന് ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും മാര്‍പാപ്പയോടുള്ള വിധേയത്വത്തിലും ജീവിക്കുവാന്‍ വ്രതമെടുത്തു. ഇവരിലൊരാള്‍ മാത്രമേ വൈദികനായി ഉണ്ടായിരുന്നുള്ളു. 1537 ജൂണ്‍ 24 നാണ് ഇഗ്‌നേഷ്യസും മറ്റുള്ളവരും വൈദിക പട്ടം സ്വീകരിച്ചത്.

താങ്കള്‍ വേര്‍പെട്ടാലും താങ്കളുടെ സഖ്യം സുസ്ഥിരമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ അവര്‍ ആ സഖ്യത്തെ ഒരു സഭയായി മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ 'ഈശോസഭ' സ്ഥാപിതമായി. 1540 സെപ്റ്റംബര്‍ 27 നാണ് ഈശോ സഭയെ പോള്‍ മൂന്നാമന്‍ മാര്‍പാപ്പാ രേഖാമൂലം അംഗീകരിച്ചത്.

മിശിഹായ്ക്കു വേണ്ടി ആത്മാക്കളെ സമ്പാദിക്കുന്നതിനുള്ള ഒരു വിശേഷ ശക്തി വിശുദ്ധനുണ്ടായിരുന്നു. എല്ലാവര്‍ക്കും എല്ലാമായി തീരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സ്നേഹ പൂര്‍വ്വമായ അദ്ദേഹത്തിന്റെ ശാസനകള്‍ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. 'ദൈവമഹത്വ വര്‍ധനം' എന്നതായിരുന്നു തന്റെ സഭയുടെ മുദ്രാവാക്യമായി ഇഗ്‌നേഷ്യസ് തിരഞ്ഞെടുത്തത്.

തന്റെ ശിഷ്യഗണത്തില്‍ നിന്ന് ആരെയെങ്കിലും പ്രേഷിത വേലയ്ക്കയക്കുമ്പോള്‍ 'സഹോദരന്മാരേ, പോകുവിന്‍. ഈശോ ഭൂമിയില്‍ കൊളുത്തുവാന്‍ കൊണ്ടുവന്ന അഗ്‌നി എല്ലായിടത്തും വ്യാപിപ്പിക്കുകയും ലോകത്തെ ഉജ്വലിപ്പിക്കുകയും ചെയ്യുവിന്‍' എന്ന് വിശുദ്ധന്‍ അവരോട് പറയുമായിരുന്നു.

പ്രൊട്ടസ്റ്റന്റുകാരുടെ ദൈവ ശാസ്ത്രത്തിനെതിരെ അദ്ദേഹം അക്ഷീണം പോരാടി. യൂറോപ്പില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ തിരുസഭയുടെ ഏറ്റവും വലിയ പോരാളികളായിരുന്നു ഈശോ സഭക്കാര്‍. വിശുദ്ധ മന്ദിരങ്ങളുടെ മോടി കൂട്ടല്‍, വേദോപദേശം നല്‍കല്‍, നിരന്തരമായ സുവിശേഷ പ്രഘോഷണങ്ങള്‍ എന്നിവ വഴി വിശുദ്ധന്‍ കത്തോലിക്കരുടെ ഇടയില്‍ ദൈവഭക്തി പുനസ്ഥാപിച്ചു.

യുവാക്കളില്‍ ഭക്തിയും അറിവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സ്‌കൂളുകള്‍ സ്ഥാപിച്ചു. റോമിലെ ജെര്‍മന്‍ കോളജ്, പാപം നിറഞ്ഞ ജീവിതം നയിച്ചിരുന്ന സ്ത്രീകള്‍ക്കായുള്ള അഭയ കേന്ദ്രം, അശരണരായ യുവതികള്‍ക്കുള്ള ഭവനം, അനാഥ മന്ദിരങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള മതപ്രബോധന ശാലകള്‍ തുടങ്ങി നിരവധി നല്ല കാര്യങ്ങള്‍ ഇഗ്‌നേഷ്യസ് നടപ്പിലാക്കി.

1556 ജൂലൈ 31 ന് തന്റെ 65-ാം വയസില്‍ ഇഗ്‌നേഷ്യസ് ലയോള നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. അദ്ദേഹം മരിക്കുമ്പോള്‍ ഈശോ സഭയ്ക്ക് നൂറു ഭവനങ്ങളും ആയിരത്തോളം അംഗങ്ങളുമുണ്ടായിരുന്നു. 1662 ല്‍ പതിനഞ്ചാം ഗ്രിഗോറിയോസ് മാര്‍പാപ്പയാണ് ഇഗ്‌നേഷ്യസ് ലയോളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടഗാസ്റ്റെയിലെ ഷീര്‍മൂസ്

2. മിലാന്‍ ബിഷപ്പായിരുന്ന കലിമേരിയൂസ്

3. ഡെമോക്രിറ്റൂസ്, സെക്കുന്തൂസ്, ഡിയോനോഷ്യസ്

4. സെസരയായില്‍ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഫാബിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26