സന്മാര്‍ഗശാസ്ത്ര അധ്യാപകരുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

സന്മാര്‍ഗശാസ്ത്ര അധ്യാപകരുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 01

റ്റലിയില്‍ ഒരു സമ്പന്ന കുടുംബത്തിലെ ഏഴു മക്കളില്‍ മൂത്ത മകനായി 1696 ലാണ് അല്‍ഫോന്‍സസ് ലിഗോരിയുടെ ജനനം. അസാധാരണ ബുദ്ധി സാമര്‍ത്ഥ്യവും കഴിവുമുണ്ടായിരുന്ന അല്‍ഫോന്‍സസ് പതിനാറാമത്തെ വയസില്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. പത്തു വര്‍ഷം അഭിഭാഷകനായി ജോലി ചെയ്തു.

ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ അല്‍ഫോന്‍സസ് വക്കീല്‍പ്പണി തന്നെ ഉപേക്ഷിച്ച് ജീവിതം മുഴുവനും ദൈവ സേവനത്തിനായി സമര്‍പ്പിച്ചു. അങ്ങനെ സാധുജന സേവനം വ്രതമാക്കി 1726 ല്‍ പൗരോഹിത്യം സ്വീകരിച്ചു. 'അയല്‍ക്കാരന്റെ ധാര്‍മ്മിക നന്മ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തി' എന്നദ്ദേഹം മനസിലുറപ്പിച്ചു.

പ്രായോഗിക ജീവിതത്തില്‍ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ദൈവത്തിന്റെ തിരുമനസ് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു അല്‍ഫോന്‍സസിന്റേത്. 1732 നവംബര്‍ ഒമ്പതിന് 'രക്ഷകന്റെ സഭ' എന്ന സന്യാസീ സഭ സ്ഥാപിച്ചു. ആത്മീയവും മതപരവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കപ്പെടാത്ത ഇറ്റലിയിലെ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സഭ സ്ഥാപിച്ചത്.

1749 ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ 'രക്ഷകന്റെ സഭക്ക്' അംഗീകാരം നല്‍കി. 'റെഡംപ്റ്ററിസ്റ്റ്' സഭ എന്ന പേരില്‍ പിന്നീടത് പ്രചുര പ്രചാരം നേടി. അല്‍ഫോന്‍സസ് ലിഗോരിയായിരുന്നു സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറല്‍. 1762 ല്‍ അല്‍ഫോന്‍സസ് നേപ്പിള്‍സിന് സമീപമുള്ള സെന്റ് അഗാത്താ ദേയിഗോത്തി എന്ന കൊച്ചു രൂപതയുടെ ബിഷപ്പായി അഭിഷിക്തനായി.

ഒരു മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ രൂപതയിലെ അനാചാരങ്ങളെ തിരുത്തുകയും ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും സെമിനാരികളെ നവീകരിക്കുകയും തന്റെ രൂപതയില്‍ മുഴുവനും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു.

തിരക്കിനിടയിലും പുസ്തക രചനയ്ക്കായി അദ്ദേഹം ഏറെ സമയം കണ്ടെത്തിയിരുന്നു. ധര്‍മ്മ ശാസ്ത്രമായിരുന്നു മുഖ്യവിഷയം. വിവിധ സന്യാസ സഭകള്‍ അനുവര്‍ത്തിച്ചു പോന്ന വ്യത്യസ്തമായ ധാര്‍മ്മിക പദ്ധതികള്‍ക്കെല്ലാം മധ്യവര്‍ത്തിയായ ഒരു ചിന്തയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. 'ധര്‍മ്മശാസ്ത്ര പണ്ഡിതന്മാരിലെ രാജകുമാരനായ അല്‍ഫോന്‍സസിന് കന്യകാ മാതാവിനോടും പരിശുദ്ധ കുര്‍ബാനയോടും പ്രത്യേക ഭക്തിയുണ്ടായിരുന്നു. അനേകം ശ്രദ്ധേയമായ രചനകള്‍ക്ക് ഇതു വഴിതെളിച്ചു.

''The Glories of Mary', 'The Way of Salvation', 'The True Spouse of Christ' ഇവ മുഖ്യ കൃതികളാണ്. കൊച്ചുകൊച്ച് അപേക്ഷകളും നന്ദി പ്രകടനങ്ങളും സ്നേഹ വചസുകളും അദ്ദേഹം രചിച്ച പ്രാര്‍ത്ഥനകളുടെ പ്രധാന ഭാഗമാണ്. 'പ്രാര്‍ത്ഥിക്കുന്നവന്‍ രക്ഷപ്പെടും; പ്രാര്‍ത്ഥിക്കാത്തവന്‍ നശിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. എല്ലാംകൂടി ഏറെക്കുറെ 111 രചനകള്‍ അദ്ദേഹത്തിന്റെതായി നമുക്കു ലഭിച്ചിട്ടുണ്ട്.

വിശ്രമമില്ലാത്ത ജീവിത രീതി മൂലം രോഗ ബാധിതനായ അല്‍ഫോന്‍സസ് എഴുപത്തൊമ്പതാം വയസില്‍ 1768 ല്‍ തന്റെ മെത്രാന്‍ പദവി ഒഴിഞ്ഞു. പിന്നീടുള്ള 12 വര്‍ഷക്കാലം ഏറെ ക്ലേശകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കേള്‍വിശക്തി നഷ്ടപ്പെടുകയും കാഴ്ച ഭാഗികമായി മങ്ങുകയും ചെയ്തു. മിക്ക സമയവും കിടക്കയെത്തന്നെ അഭയം പ്രാപിക്കേണ്ടി വന്നു.

അതിനിടെ റെഡംപ്റ്ററിസ്റ്റ് സഭാ നിയമങ്ങള്‍ക്കു മാറ്റം വരുത്താന്‍ താന്‍ അനുമതി നല്‍കുന്നതായുള്ള സമ്മത പത്രത്തില്‍ അതാണെന്നറിയാതെ അദ്ദേഹത്തിന് ഒപ്പിടേണ്ടതായും വന്നു. തുടര്‍ന്ന് റെഡംപ്റ്ററിസ്റ്റ് സഭയിലുണ്ടായിരുന്ന സകല അധികാരങ്ങളിലും നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. അങ്ങനെ ആ സഭ രണ്ടായി പിളരുകയും ചെയ്തു.

1787 ജൂലൈ 18 ന് അല്‍ഫോന്‍സസ് ലിഗോരി മരണമടഞ്ഞു. 1816 സെപ്റ്റംബര്‍ 15 ന് പോപ്പ് പയസ് ഏഴാമന്‍ അദ്ദേഹത്തെ ദൈവദാസനും 1839 മെയ് 26 ന് പോപ്പ് ഗ്രിഗരി പതിനാറാമന്‍ വിശുദ്ധനുമാക്കി. 1871 മാര്‍ച്ച് 23 ന് പയസ് ഒമ്പതാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വിശുദ്ധനാക്കപ്പെട്ട ഒരേയൊരു സന്മാര്‍ഗ ശാസ്ത്ര പണ്ഡിതനാണ് അല്‍ഫോന്‍സസ് ലിഗോരി. അതുകൊണ്ട് സന്മാര്‍ഗ ശാസ്ത്ര അധ്യാപകരുടെയെല്ലാം സ്വര്‍ഗീയ മധ്യസ്ഥനാണ് അദ്ദേഹം.

'ഫലം വേണ്ടവരെല്ലാം വൃക്ഷത്തിന്റെ ചുവട്ടില്‍ ചെല്ലണം. യേശുവിനെ ലഭിക്കേണ്ടവര്‍ മേരിയുടെ പക്കല്‍ ചെല്ലണം. മേരിയെ കണ്ടെത്തുന്നവര്‍ തീര്‍ച്ചയായും യേശുവിനെയും കണ്ടെത്തും'
                                                                                                  വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി



ഇന്നത്തെ ഇതര വിശുദ്ധര്‍

1. മക്കബീസ് എലെയാസര്‍

2. അല്‍മേധാ, ബ്രേക്കുനോക്ക്

3. ബോനുസ്, ഫൗസ്തൂസ്, മൗറൂസ്

4. ബുര്‍ജെസ് ബിഷപ്പായിരുന്ന ആര്‍കേഡിയൂസ്

5. സിറില്‍, അക്വിലാ, പീറ്റര്‍, ഡോമീഷ്യന്‍, റൂഫസ്, മെനാന്റര്‍

6. പഫീലിയായിലെ ലെയോണ്‍സിയൂസ്, അറ്റിയൂസ്, അലക്‌സാണ്ടര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26