രണ്ട് വര്‍ഷത്തിന് ശേഷം അതിര്‍ത്തികള്‍ തുറന്നു; വിദേശത്ത് നിന്ന് ഇനി ന്യൂസിലാന്റില്‍ പ്രവേശിക്കാം

രണ്ട് വര്‍ഷത്തിന് ശേഷം അതിര്‍ത്തികള്‍ തുറന്നു; വിദേശത്ത് നിന്ന് ഇനി ന്യൂസിലാന്റില്‍ പ്രവേശിക്കാം

വെല്ലങ്ടണ്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട രാജ്യാതിര്‍ത്തികള്‍ തുറന്ന് ന്യൂസിലാന്റ്. കോവിഡ് വ്യാപനം ശമിച്ച സാഹചര്യത്തിലാണ് കര, ജല, വായൂ മാര്‍ഗമുള്ള രാജ്യാതിര്‍ത്തികള്‍ തുറന്നത്. ഇതോടെ വിദേശ സന്ദര്‍ശകര്‍ക്കും പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ളവര്‍ക്കും തടസമില്ലാതെ ന്യൂസിലന്റിലേക്ക് പ്രവേശിക്കാം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിദേശത്തു നിന്നുള്ളവര്‍ക്ക് പ്രവേശം തടഞ്ഞുകൊണ്ട് രാജ്യാതിര്‍ത്തികള്‍ അടച്ചത്. ഫെബ്രുവരിയില്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും കോവിഡ് മൂന്നാം തരംഗം കരുത്താജിച്ചതോടെ അത് ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴാണ് വിദേശികളെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യാതിര്‍ത്തികള്‍ തുറന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രാജ്യത്ത് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ലാന്‍ഡിംഗ് അനുമതി കൊടുത്തു. തുറമുഖങ്ങളില്‍ സഞ്ചാര കപ്പലുകള്‍ക്ക് പ്രവേശിക്കാന്‍ ടെര്‍മിനലുകള്‍ തുറന്നു. റോഡ് മാര്‍ഗമുള്ള തടസങ്ങളും നീക്കി. അതിര്‍ത്തികള്‍ തുറക്കുന്നതോടെ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ഉണര്‍വ് ലഭിക്കുമെന്ന് വിദ്യാഭ്യാസ ദാതാക്കള്‍ പ്രതീക്ഷിക്കുന്നു.

അതിര്‍ത്തികള്‍ തുറന്നത് രാജ്യത്തിന്റെ സന്തോഷകരമായ നിമിഷമാണെന്ന് ഓക്ക്ലന്‍ഡില്‍ നടക്കുന്ന ചൈന ബിസിനസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ പറഞ്ഞു. ജനുവരി മുതല്‍ ഇതിനുള്ള ശ്രമത്തിലായിരുന്നു. അതിര്‍ത്തികള്‍ തുറന്നതോടെ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ന്യൂസിലാന്റ് പൗരന്മാര്‍ക്ക് അവരുടെ ജന്മഗ്രഹത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ന്യൂസിലാന്റിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളാണ് ടുറിസവും വിദ്യാഭ്യാസവും. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി വിനോദ സഞ്ചാരത്തിനു പഠനത്തിനുമായി ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷം തോറും ഇവിടെ വന്ന് പോകുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഈ ഒഴുക്ക് നിന്നു. അതിര്‍ത്തികള്‍ തുറക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ഉത്തേജമേകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.