പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. കുടുംബവുമായി മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മൃതദേഹം എംബാം ചെയ്ത് ഛത്തീസ്ഗഡിലേക്ക് എത്തിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്‍കി. ആക്രമണം നടത്തിയവര്‍ക്കെതിരെ എസ്.സി/എസ്.ടി നിയമം കൂടി ഉള്‍പ്പെടുത്തണമെന്ന കുടുംബത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. രാം നാരായണന്റെ കുടുംബത്തെയും ബന്ധുക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന് ശേഷം മാത്രമെ മൃതദേഹം ഏറ്റെടുക്കുകയുള്ളു എന്ന നിലപാടിലായിരുന്നു രാം നാരായണന്റെ കുടുംബം. ഇതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദനമാണ് രാം നാരായണിന് (31) നേരിടേണ്ടി വന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികള്‍ വടി ഉപയോഗിച്ച് രാം നാരായണന്റെ തലയിലും മുതുകിലും ക്രൂരമായി മര്‍ദ്ദിച്ചു.
അടിയേറ്റ് നിലത്തു വീണ രാം നാരായണിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ചവിട്ടേറ്റു. പതിനഞ്ചോളം പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരാണ് പിടിയിലായത്.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും കുടുംബ പശ്ചാത്തലവും പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ അറിയിച്ചു. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കും. ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കും. ഏതെങ്കിലും കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും.
ഡിവൈഎസ്പി പി.എം ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ചിലെയും വാളയാര്‍ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പത്തംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.