ദുരിതപ്പെയ്ത്ത് തുടരുന്നു: വ്യാപക ഉരുള്‍പൊട്ടല്‍; എല്ലാ ജില്ലകളിലും മുന്‍കരുതല്‍

ദുരിതപ്പെയ്ത്ത് തുടരുന്നു: വ്യാപക ഉരുള്‍പൊട്ടല്‍; എല്ലാ ജില്ലകളിലും മുന്‍കരുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. ഒരാളെ കാണാതായി. വ്യാഴം വരെ അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍പ്രളയം, വെള്ളക്കെട്ട് തുടങ്ങിയ ദുരന്തസാധ്യതകള്‍ മുന്നില്‍ക്കണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. കലക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സേനാ വിഭാഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണ്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റും. അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും.

അഞ്ചുവീട് പൂര്‍ണമായും 55 വീട് ഭാഗികമായും തകര്‍ന്നു. ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസക്യാമ്പ് തുറന്നു. 90 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സെക്രട്ടറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 8078548538.

ദേശീയ ദുരന്തനിവാരണ സേനയെ ഏഴു ജില്ലയില്‍ വിന്യസിച്ചു. കോട്ടയത്ത് രണ്ടും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓരോ സംഘത്തെയുമാണ് വിന്യസിപ്പിച്ചത്.

ജലസേചന വകുപ്പിന്റെ 17 അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തു വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യമില്ല. മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണം. എല്ലാ ജില്ലയിലും പൊലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.