മലബാര്‍ കുടിയേറ്റം കേരളത്തിന്റെ ചരിത്രത്തില്‍ തിരസ്‌കരിക്കപ്പെട്ട യാഥാര്‍ത്ഥ്യം: മാര്‍ ജോസഫ് പാംപ്ലാനി

മലബാര്‍ കുടിയേറ്റം കേരളത്തിന്റെ ചരിത്രത്തില്‍ തിരസ്‌കരിക്കപ്പെട്ട യാഥാര്‍ത്ഥ്യം: മാര്‍ ജോസഫ് പാംപ്ലാനി

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് 30 ശതമാനത്തിലധികം സംഭാവന നല്‍കുന്ന മലബാര്‍ മേഖല അവഗണിക്കപ്പെടുകയാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി. മലബാര്‍ കുടിയേറ്റമെന്നത് കേരളത്തിന്റെ കൂടെ ചരിത്രമാണ്. എന്നാല്‍ ഇതിനെ കേരളത്തിന്റെ ചരിത്രതാളുകളില്‍ നിന്ന് തന്നെ തിരസ്‌കരിക്കുകയാണെന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധി സ്മാരക നിധിയും ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷനും കെ. ജനാര്‍ദന പിള്ള ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച 'മലബാര്‍ കുടിയേറ്റവും മാര്‍ വള്ളോപ്പിള്ളിയുടെ ഗാന്ധിയന്‍ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.

കേരള ചരിത്രവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ട്. കേരളമെന്നു പറഞ്ഞാല്‍ കേവലം തിരുവിതാംകൂര്‍ മാത്രമാണെന്ന ഒരു ചിന്താഗതി കേരള ചരിത്രകാരന്മാര്‍ക്കുണ്ട്. മലബാര്‍ കുടിയേറ്റത്തെക്കുറിച്ച്, മലബാറിന്റെ ഐതിഹാസികമായ വളര്‍ച്ചയെക്കുറിച്ച് തിരുവിതാംകൂറിന്റെ ചരിത്രകാരന്മാര്‍ പലപ്പോഴും അവഗണനയുടെ എഴുതാപ്പുറങ്ങള്‍ രചിക്കുകയാണ് ചെയ്തിട്ടുള്ളത്.

മലബാര്‍ മേഖലയെ സാമ്പത്തികമായോ രാഷ്ട്രീയമായോ ആര്‍ക്കും അവഗണിക്കാനാകാത്ത അജയ്യ ശക്തിയാക്കി വളര്‍ത്തിയെടുത്ത വ്യക്തിയാണ് തലശേരി രൂപതയുടെ പ്രഥമ മെത്രാന്‍ ആയിരുന്ന മാര്‍ സെബാസ്റ്റ്യ ന്‍ വള്ളോപ്പിള്ളിയെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

മികച്ച ഗാന്ധിയനായി ഏര്‍പ്പെടുത്തിയ ജനാര്‍ദനന്‍ പിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് മാത്യു എം. കണ്ടത്തിലിന് ആര്‍ച്ച് ബിഷപ് സമ്മാനിച്ചു. മാത്യു എം. കണ്ടത്തിലിന്റെ ജീവിതത്തെ ആധാരമാക്കി ഡോ. സെബാസ്റ്റ്യന്‍ ഐക്കരയും സണ്ണി ആശാരിപറമ്പിലും ചേര്‍ന്ന് രചിച്ച മാത്യു എം. കണ്ടത്തില്‍-ഗാന്ധി മാര്‍ഗ പോരാളി' എന്ന പു സ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധി സ്മാരക നിധി സെക്രട്ടറി എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മൈക്കിള്‍ തരകന്‍ മുഖ്യ പ്രഭാഷണം നടത്തി.

എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ചരിത്ര വകുപ്പ് മേധാവി ഡോ. ജി. സൂരജ്, ഡോ. സെബാസ്റ്റ്യന്‍ ഐക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.പി. ജോസ്, ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍, ഫാ. ബിനോദ് പുത്തന്‍പുരയ്ക്കല്‍, ഡോ. ജേക്കബ് വട ക്കന്‍ചേരി, ജേക്കബ് നിക്കോളാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.