വെല്ലിങ്ടണ്‍: വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ചൈനീസ് ആപ്പായ ടിക് ടോക് ഉപയോഗിക്കരുതെന്ന് ന്യൂസീലന്‍ഡ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. എംപിമാര്‍ തങ്ങളുടെ പാര്‍ലമെന്ററി ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ആപ്പ് ഉപയോഗിക്കുന്നത് വിലക്കാന്‍ കഴിഞ്ഞ ദിവസം ഹൗസ് സ്പീക്കര്‍ ട്രെവര്‍ മല്ലാര്‍ഡ് എല്ലാ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ടിക് ടോക് ഉപയോഗിക്കുന്നതിലൂടെ പാര്‍ലമെന്റിലെ അടക്കം വിലപ്പെട്ട വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിനും ടിക് ടോക് ആപ്പിന്റെ ഉടമകളായ ചൈനീസ് ഇന്റര്‍നെറ്റ് കമ്പനി ആയ ബൈറ്റ്ഡാന്‍സിനും ചോര്‍ത്താന്‍ കഴിയുമെന്നും ഇത് രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും എംപിമാര്‍ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നു.
ആപ്പ് പൂര്‍ണ്ണമായും നിരോധിക്കാന്‍ താന്‍ ശക്തമായി ശിപാര്‍ശ ചെയ്യുന്നതായും ഹൗസ് സ്പീക്കര്‍ ഇ-മെയിലില്‍ വ്യക്തമാക്കുന്നു. ഇനി എംപിമാര്‍ക്ക് അത് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സുരക്ഷ ഉറപ്പുവരുത്തുകയും വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യണം.
ന്യൂസിലന്‍ഡിലെ കുറച്ച് രാഷ്ട്രീയക്കാര്‍ മാത്രമാണ് തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടിക്‌ടോക് ഉപയോഗിക്കുന്നത്. പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് ആപ്പ് ഉപയോഗിക്കുന്നത്.
2020-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും ആപ്പിന്റെ ഉടമകള്‍ക്ക് ചൈനീസ് സര്‍ക്കാരുമായുള്ള അടുത്ത ബന്ധവും ചൂണ്ടിക്കാട്ടി ടിക്ടോക് നിരോധിച്ചിരുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത ചൈനീസ് ആപ്പുകളെ പുറംതള്ളുകയാണ് എന്നാണ് അമേരിക്ക അന്ന് വ്യക്തമാക്കിയത്.
2021-ല്‍ ട്രംപിന്റെ ഉത്തരവുകള്‍ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്കുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ അവലോകനം ഇപ്പോഴും അമേരിക്കയില്‍ തുടരുകയാണ്.
അതേസമയം, ലോകത്ത് ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ടിക് ടോക്ക് ഇത്തരം സുരക്ഷാ ആശങ്കകള്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണ്.
ഇതാദ്യമായല്ല ന്യൂസിലന്‍ഡിലെ എംപിമാര്‍ക്ക് ചൈനീസ് ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത്. 2020-ലും ആപ്പ് എടുത്തുകളയാന്‍ എംപിമാരോടു നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം പോലീസ് ഉള്‍പ്പെടെയുള്ള ന്യൂസിലന്‍ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണില്‍ ടിക് ടോക്കിന്റെ ഉപയോഗം ഇതിനകം നിരോധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.