സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ലഹരികടത്തിന് ബൈക്കി ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ പിടിയില്‍. 400 ലക്ഷം ഡോളറിന്റെ ലഹരിമരുന്ന് ഇറക്കുമതി ചെയ്തതിനാണ് കോമാഞ്ചെറോ സംഘത്തിന്റെ തലവനായ മാര്‍ക്ക് ബഡിലിനെ നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മാര്‍ക്ക് ബഡില്‍.
തുര്‍ക്കിയില്‍നിന്ന് നാടുകടത്തപ്പെട്ട മാര്‍ക്ക് ബഡിലിനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെ ഡാര്‍വിന്‍ എയര്‍പോര്‍ട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയില്‍ മെല്‍ബണിലേക്ക് 160 കിലോഗ്രാമിലധികം മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസിലാണ് 37 വയസുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് ഡാര്‍വിനിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ വിക്ടോറിയ സംസ്ഥാനത്തേക്കു കൈമാറാനുള്ള പോലീസിന്റെ അപേക്ഷ ജഡ്ജി അംഗീകരിച്ചു.
സുരക്ഷാഭീഷണി കാരണം മാര്‍ക്ക് ബഡിലിനെ കോടതിയില്‍ നേരിട്ട് എത്തിക്കാതെ ഓഡിയോ ലിങ്ക് വഴിയാണ് ഹാജരാക്കിയത്.
പ്രതി ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച മയക്കുമരുന്നിന് 40 മില്യണ്‍ ഡോളറിലധികം വിലയുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നൈജല്‍ റയാന്‍ പറഞ്ഞു. ലഹരികടത്തിന് ജീവപര്യന്തം തടവുശിക്ഷ വരെ പ്രതിക്ക് ലഭിച്ചേക്കാം.
കഴിഞ്ഞ മാസം വടക്കന്‍ സൈപ്രസില്‍ നടന്ന റെയ്ഡിലാണ് മാര്‍ക്ക് ബഡില്‍ അറസ്റ്റിലായത്. തുടര്‍ന്ന് തുര്‍ക്കിയില്‍നിന്നു നാടുകടത്തപ്പെട്ട മാര്‍ക്ക് ഓസ്‌ട്രേലിയയിലെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റസിഡന്‍സി പെര്‍മിറ്റ് ലഭിച്ചതിന് ശേഷം പ്രതി സൈപ്രസില്‍ താമസിച്ചു വരികയായിരുന്നു. ഒരു വര്‍ഷമായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26