ഭൂമിയുടെ ഭ്രമണ വേഗത ആഗോള സമയ സംവിധാനത്തെ ബാധിക്കും; നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് ക്രമീകരണത്തിനൊരുങ്ങി ശാസ്ത്രലോകം

ഭൂമിയുടെ ഭ്രമണ വേഗത ആഗോള സമയ സംവിധാനത്തെ ബാധിക്കും; നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് ക്രമീകരണത്തിനൊരുങ്ങി ശാസ്ത്രലോകം

ഫ്‌ളോറിഡ: അടുത്ത ദിവസങ്ങളിലായി ഭൂമിയുടെ ഭ്രമണ സമയത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആഗോള സമയ സംവിധാനത്തെ ബാധിച്ചേക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍. കഴിഞ്ഞ ജൂണ്‍ 29ന് 1.59 മില്ലിസെക്കന്‍ഡ് കുറവ് സമയം എടുത്താണ് ഭൂമി തന്റെ ഭ്രമണം പൂര്‍ത്തിയാക്കിയത്. അതായത് 24 മണിക്കുര്‍ വേണ്ട സ്ഥാനത്ത് 1.59 മില്ലി സെക്കന്റിന്റെ കുറവ്.

ആറ്റോമിക് ക്ലോക്കുകളുടെ ആവിര്‍ഭാവത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ദിവസമായിരുന്നു ഇത്. സാധാരണയായി സൂര്യനെ ചുറ്റുന്ന ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. 1960 ന് ശേഷം 2020 ജൂലൈ 19 നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയം കൊണ്ട് കറക്കം പൂര്‍ത്തിയാക്കിയത്. അന്ന് 1.47 മില്ലി സെക്കന്‍ഡ് കൊണ്ട് ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.

കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം (യുടിസി) സംവിധാനത്തെ ഇത് ബാധിക്കുമെന്നാണ് സമയ നിരീക്ഷകരുടെ ആശങ്ക. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളിലും സമയം നിര്‍ണയിക്കുന്നത് യുടിസി സംവിധാനത്തിലൂടെയാണ്. ഭൂമിയുടെ സഞ്ചാര വേഗത യുടിസിയെ ബാധിക്കുന്നതോടെ ആഗോളതലത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമുകളെയും ഇത് ബാധിക്കും.



ആറ്റോമിക് സമയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള 400 അള്‍ട്രാ-പ്രിസിസ് ക്ലോക്കുകളുടെ ഒരു ശൃംഖലയെയും ഇത് ബാധിക്കും. ആറ്റോമിക് സമയത്തെ അടിസ്ഥാനമാക്കിയാണ് യുടിസി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഭൂമിയുടെ സഞ്ചാര വേഗം അറ്റോമിക്, അനലോഗ് സമയനിര്‍ണയ ഉപകരണങ്ങളെയാകെ ബാധിക്കുമെന്നതിനാല്‍ നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് സൃഷ്ടിക്കുകയെന്ന അവസാന മാര്‍ഗത്തിലേക്ക് നീങ്ങേണ്ട സമര്‍ദ്ദത്തിലാണ് സമയ നിരീക്ഷകര്‍.

സമയം 00:00:00 ലേക്ക് പുനക്രമീകരിക്കുന്നതാണ് നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്. ആറ്റോമിക് ക്ലോക്കുകളുടെ വരവിനു ശേഷം ഏകദേശം 27 തവണ ലീപ്പ് സെക്കന്‍ഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2016 ലാണ് അവസാനമായി ഇത് ചെയ്തത്. എന്നാല്‍ നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് ശാസ്ത്രജ്ഞര്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും പ്രയോജനം ചെയ്യുമെങ്കിലും 'നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്നുമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഇതുമൂലം ക്രാഷ് ചെയ്യുകയോ ഡാറ്റാ സ്റ്റോറേജിലെ ടൈംസ്റ്റാമ്പുകള്‍ കാരണം ഡാറ്റയെ കേടാക്കുകയോ ചെയ്‌തേക്കാം. ടൈമറുകളെ ആശ്രയിക്കുന്ന സോഫ്റ്റ് വയറുകള്‍ക്ക് ഇത് വിനാശകരമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഭൂമിയുടെ ഭ്രമണ വേഗവുമായി ബന്ധപ്പെട്ട ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാര വേഗത്തിലുണ്ടായ വ്യത്യാസം ആദ്യമായി കണ്ടെത്തിയത്. അതായത് അറ്റോമിക് ക്ലോക്കിന്റെ വരവിന് മുന്‍പ് ഭൂമിയുടെ സഞ്ചാര വേഗതയിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യതയോടെ നിര്‍ണയിക്കാന്‍ പര്യാപ്തമായ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് അര്‍ത്ഥം.



ഭൂമി അത്ര വിശ്വസനീയമായ സമയപാലകനല്ലെന്ന് ഓസ്ട്രേലിയയിലെ ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് വാട്സണ്‍ പറയുന്നു. അതായത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചെറിയ അളവില്‍ ജ്യോതിശാസ്ത്ര ദിനത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നു. ചന്ദ്രന്റെ ആകര്‍ഷണം കാരണം ഭൂമി ഒരു നൂറ്റാണ്ടില്‍ പ്രതിദിനം മൂന്ന് മില്ലിസെക്കന്‍ഡ് വേഗത കുറയുന്നു. അതിനാല്‍ ആറ്റോമിക് ക്ലോക്കുകളും ജ്യോതിശാസ്ത്ര ഘടികാരങ്ങളും ഒരുമിച്ച് നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ലീപ്പ് സെക്കന്‍ഡുകള്‍ അവലംബിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഭൂമി വേഗത്തില്‍ സഞ്ചരിക്കാന്‍ ഇടയാകുന്നതിന്റെ കാരണം ഇപ്പഴും അജ്ഞാതമാണെന്ന് ഭൂമിയുടെ ആകൃതി, ഭ്രമണം, ഗുരുത്വാകര്‍ഷണം എന്നിവയിലെ മാറ്റങ്ങള്‍ മാപ്പ് ചെയ്യാന്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ച ആറ്റോമിക് ക്ലോക്കുകള്‍ ഉപയോഗിക്കുന്ന ടാസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ മാറ്റ് കിംഗ് പറയുന്നു.

ഭൗമോപരിതലത്തില്‍ ഉണ്ടാകുന്ന ചലനങ്ങളില്‍ ഭ്രമണ നിരക്കിനെ ബാധിച്ചേക്കാം. അവ മില്ലി സെക്കന്റ് വ്യത്യാസങ്ങള്‍ നൂറ്റാറ്റുകളിലെ പ്രകടമാകാറുള്ളു. എന്നാല്‍ ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും മഞ്ഞ് ഉരുകുന്നത് പോലെയുള്ള ഉപരിതല വ്യതിയാനങ്ങള്‍ അത് സമുദ്രഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവ വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഭൂമിയെ ബാധിക്കും. അതായത് മനുഷ്യന്‍ പ്രകൃതിക്ക് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ ഭൂമുയുടെ ഭ്രമണത്തെ പോലും ദോഷകരമായി ബാധിക്കുന്ന നില എത്തിയിരിക്കുന്നു എന്നും കിംഗ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.