കോഴിക്കോട്: പന്തിരിക്കരയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശികളായ ഷെഹീല്‍, ജിനാഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല.
തട്ടിക്കൊണ്ടു പോയ ശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇര്‍ഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. നേരത്തെ പ്രദേശത്തെ ചില നാട്ടുകാരും സമാനമായ മൊഴി പൊലീസിന് നല്‍കിയിരുന്നു. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ കഴിഞ്ഞ ദിവസം ഇര്‍ഷാദിന്റെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.
ഷമീറാണ് സ്വര്‍ണം തട്ടിയെടുത്തതെന്നും താന്‍ ഒളിവിലെന്നുമാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നത്. ഷെമീറിനോട് സ്വര്‍ണം തിരികെ നല്‍കാനാവശ്യപ്പെട്ടിട്ടും നല്‍കിയില്ല. വയനാട്ടിലെ റൂമിലാണ് താന്‍ ഇപ്പോഴുള്ളതെന്നും ഇര്‍ഷാദിന്റെ വീഡിയോയില്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന ഈ വീഡിയോ ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോകുന്നതിനു മുമ്പുള്ളതാണെന്നാണ് പൊലീസിന്റെ വിശദീകരണം.
ദുബായില്‍ നിന്ന് കഴിഞ്ഞ മെയ്യിലാണ് ഇര്‍ഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് അവസാനമായി ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സാപ് വഴി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം സഹോദരന്റെ ഫോണിലേക്ക് അയച്ചു കൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കൈയില്‍ കൊടുത്തു വിട്ട സ്വര്‍ണം തിരികെ വേണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.