ബംഗളുരു : ബിജെപിയുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്നെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 വര്‍ഷമായി ഇന്ത്യന്‍ പതാക ഉയര്‍ത്താത്തവരാണ് ഇപ്പോള്‍ ഇത്തരമൊരു ക്യാമ്പെയ്ൻ നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍എസ്എസിനെ ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
ചരിത്രം സാക്ഷിയാണ്, ഈ ക്യാമ്പയിന്‍ നടത്തുന്നവര്‍ വരുന്നത് ഒരു സംഘടനയില്‍ നിന്നാണ്, അവര്‍ 52 വർഷത്തോളമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്തവരാണെന്നും രാഹുല്‍ തുറന്നടിച്ചു. കര്‍ണാടകയിലെ ഹൂബ്ലിയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു രാഹുല്‍ ക്യാമ്പയിനെതിരെ തുറന്നടിച്ചത്.
കര്‍ണാടകത്തിലെ ഖാദി ഗ്രാമ ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ചതിന്റെ ചിത്രവും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ദേശീയ പതാകയുമായി പോസ് ചെയ്യുന്നതും, ഒരു പതാക ഇസ്തിരിയിടുന്നതുമായ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഹൂബ്ലിയിലെ ഖാദി ഗ്രാമത്തിലെ ജീവനക്കാരെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ദേശീയ പതാകയെ എന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുപാട് ദേശ സ്‌നേഹികള്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു സംഘടന ഒരിക്കലും നമ്മുടെ പതാകയെ അംഗീകരിച്ചിട്ടില്ല. ആ സംഘടനയുടെ ആസ്ഥാനമായ നാഗ്പൂരില്‍ 52 വര്‍ഷത്തോളമായി ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പോലും ശ്രമിച്ചിട്ടില്ല. തുടര്‍ച്ചയായി ദേശീയ പതാകയെ അവര്‍ അപമാനിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് അതേ സംഘടനയില്‍ നിന്ന് വരുന്നവര്‍, നമ്മളെ ത്രിവര്‍ണ പതാകയുടെ ചരിത്രം പഠിപ്പിക്കുകയാണ്. അവര്‍ ഹര്‍ ഘര്‍ പതാക ക്യാമ്പയിന്‍ നടത്തുകയാണ്. എന്തുകൊണ്ടാണ് 52 വര്‍ഷത്തോളം ആര്‍എസ്എസ് ദേശീയ പതാക അവരുടെ ആസ്ഥാനത്ത് ഉയര്‍ത്താതിരുന്നത്. എന്തുകൊണ്ടാണ് ദേശീയ പതാക നിര്‍മിക്കുന്നതിലൂടെ ജീവനോപാധി കണ്ടെത്തിയിരുന്നവരുടെ ജീവിതം അവർ തകര്‍ത്തത്. എന്തുകൊണ്ടാണ് ഇറക്കുമതി ചെയ്ത് മെഷീന്‍ നിര്‍മിത പതാക ഉപയോഗിക്കുന്നത്. അതും ചൈനയില്‍ നിന്നുള്ള പോളിസ്റ്റര്‍ പതാകകള്‍ അവർ അനുവദിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് അവര്‍ക്ക് കോണ്‍ഗ്രസിനെ തടയാനായിട്ടില്ല. ഇപ്പോഴും അതിന് സാധിക്കുമെന്ന് കരുതേണ്ടെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനം വളയുകയും, നാഷണല്‍ ഹെറള്‍ഡിന്റെ ഓഫീസ് സീല്‍ ചെയ്യുകയും ചെയ്ത സംഭവത്തിലായിരുന്നു രാഹുലിന്റെ മറുപടി. ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക പിടിച്ച് നില്‍ക്കുന്നതായി രാഹുല്‍ മാറ്റിയിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് ദേശീയ പതാക. നമ്മുടെ ത്രിവര്‍ണ പതാക ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ എല്ലാവരും സോഷ്യല്‍ മീഡിയ ചിത്രം ത്രിവര്‍ണ പതാകയുടേതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.