ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തിരണ്ടാം ഭാഗം.
കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളും നമുക്ക് അപരിചിതങ്ങളാണ്. പഴയ സോവിയറ്റ് യൂണിയനില്‍ നിന്നും ചിതറിയ രാജ്യങ്ങളുടെ കൂട്ടത്തിലുള്ള ഒരു ചെറിയ രാജ്യമാണ് സ്ലൊവാക്യ. സ്ലൊവാക്യ എന്ന രാജ്യം മലയാളികളായ നമ്മിലാര്‍ക്കും തന്നെ അധികം പരിചിതമാകാന്‍ വഴിയില്ല. പരിചയപ്പെടാന്‍ മാത്രം പ്രാധാന്യമുള്ള അധികമൊന്നും ആ രാജ്യവുമായി ബന്ധപ്പെട്ട് വന്നിട്ടില്ല.
ശാസ്ത്ര മേഖലയിലും മറ്റു സാമൂഹിക മേഖലകളിലുമൊന്നും അത്ര എടുത്തുപറയത്തക്ക സംഭാവനകളൊന്നും തന്നെ ഈ രാജ്യത്തില്‍നിന്നു വന്നതായി നമ്മളാരും കേട്ടിട്ടുണ്ടാവില്ല. അത്തരമൊരു രാജ്യത്തില്‍ നിന്നും ശാസ്ത്ര മേഖലയില്‍ ഇന്ന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന ഒരാളെയാണ് ഈ ലക്കത്തില്‍ നാം പരിചയപ്പെടുന്നത്.
പാവല്‍ ഗാബോര്‍ ജനിക്കുന്നത് 1969 ല്‍ സ്ലോവാക്കിയയിലെ കൊഷിച്ചേ എന്ന സ്ഥലത്താണ്. സ്ലോവാക്കിയയുടെ അടുത്ത രാജ്യമായ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ 1988 മുതല്‍ 1995 വരെ അദ്ദേഹം പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് പഠിച്ചു. പ്രധാനമായും പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ആയി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രവര്‍ത്തനമാണ് കൂടുതല്‍ ശ്രദ്ധ കൊടുത്ത് പഠിച്ചത്.
സ്വിറ്റസര്‍ലണ്ടിലെ ജനീവയില്‍ CERN (Conseil Européen pour la Recherche Nucléaire' or European Council for Nuclear Research) സ്ഥാപിച്ച LHC (Large Hadron Collider) യില്‍ ATLAS ഡിറ്റക്ടര്‍ സ്ഥാപിക്കുന്ന സംഘത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഈ പരീക്ഷണ സംഘമാണ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്തി ചരിത്രം സൃഷ്ടിച്ചത്.
പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് പഠനത്തിനുശേഷം 1995 ല്‍ പാവല്‍ ജെസ്യൂട്ട് സഭയില്‍ അംഗമായി. ആദ്യം രണ്ടു വര്‍ഷങ്ങള്‍ അദ്ദേഹം ചെക്ക് റിപ്പബ്ലിക്കിലെ കോളിന്‍ എന്ന സ്ഥലത്തു നോവിഷിയേറ്റ് കാലമായി ചിലവിട്ടു. പിന്നീട്ട് രണ്ടു വര്‍ഷങ്ങള്‍ മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശത്താല്‍ പുണ്യ പ്രശോഭിതമായ പോളണ്ടിലെ ക്രാക്കോവ് നഗരത്തില്‍ തത്വശാസ്ത്ര പഠനം നടത്തി.
1999 ല്‍ ഇഗ്നേഷ്യാനും യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അദ്ദേഹം തത്വശാസ്ത്ര ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ദൈവശാസ്ത്ര പരിശീലനത്തിനായി പാരിസിലേക്ക് അയക്കപ്പെട്ടു. അവിടെ Centre Sevres നിന്ന് 2003 ല്‍ ദൈവ ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി.
ഇതേ തുടര്‍ന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഉന്നതബിരുദം ഉണ്ടായിരുന്ന അദ്ദേഹം Universite Paris VII നിന്ന് ആസ്‌ട്രോഫിസിക്‌സ് പഠിക്കാന്‍ ആരംഭിച്ചു. 2006 ല്‍ ഉന്നത ബിരുദം പൂര്‍ത്തിയാക്കി. ഇതേ വിഷയത്തില്‍ത്തന്നെ പാരിസിലെ Universite Paris XI നിന്ന് 2009 ല്‍ ഗവേഷണ ബിരുദം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി.
യൂറോപ്യന്‍ യൂണിയന്റെ ഡാര്‍വിന്‍ സ്‌പേസ് ഒബ്‌സെര്‍വേറ്ററിയുടെ തലവനായിരുന്ന Alain Léger ന്റെ കീഴിലാണ് അദ്ദേഹം തന്റെ ഡോക്ടറല്‍ പഠനങ്ങള്‍ നടത്തിയത്. Institut d'Astrophysique Spatiale എന്ന സ്ഥാപനത്തിലാണ് പാവല്‍ തന്റെ നിരീക്ഷണങ്ങള്‍ നടത്തിയത്. SYNAPSE, NULLTIMATE എന്നീ രണ്ടു ഒപ്റ്റിക്കല്‍ ടെസ്റ്റ് ബെഡ്സ് അടിസ്ഥാനപ്പെടുത്തിയായിരുന്നു നിരീക്ഷണങ്ങള്‍. 2004 ല്‍ അദ്ദേഹം ഒരു ജെസ്യൂട്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
2010 ല്‍ കുറച്ചുകാലം അദ്ദേഹം ഓസ്ട്രേലിയയില്‍ അജപാലന പ്രവര്‍ത്തനം നടത്തി. അവിടെ നിന്നും അദ്ദേഹം അമേരിക്കയിലെ അരിസോണയിലുള്ള ട്യുക്സോണ്‍ വത്തിക്കാന്‍ വാന നിരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ അദ്ദേഹം അവിടുത്തെ ഡെപ്യൂട്ടി ഡയറക്ടറാണ്.
2012 മുതല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ശുശ്രൂഷ ചെയ്യുന്നു. International Astronomical Union, American Astronomical Society എന്നീ സമിതികളില്‍ അദ്ദേഹം അംഗമാണ്. ഭൗതികശാസ്ത്രതില്‍, വിശിഷ്യാ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ്, വാനനിരീക്ഷണം എന്നീ മേഖലകളിലുള്ള പാവലിന്റെ പ്രാഗത്ഭ്യമാണ് ഈ അംഗത്വങ്ങള്‍ വെളിവാക്കുന്നത്.
ഇംഗ്ലീഷ്, പോളിഷ്, ചെക്ക്, സ്ലോവാക്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, ഹംഗേറിയന്‍ എന്നീ ഭാഷകള്‍ അദ്ദേഹം സാമാന്യം നന്നായി ഉപയോഗിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ധൈഷണികതയുടെയും ഭാഷാ പരിജ്ഞാനത്തിന്റെയും തെളിവാണ്. ശാസ്ത്രവും മതവും നമ്മെ സത്യത്തിലേക്കും യാഥാര്‍ഥ്യത്തിലേക്കും നയിക്കുന്ന രണ്ടു പുസ്തകങ്ങള്‍ പോലെയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ശാസ്ത്രത്തെ പലപ്പോഴും ഫ്രഞ്ച് പോസിറ്റിവിസവും അതുമായി ബന്ധപ്പെട്ട തത്വശാസ്ത്ര ശാഖകളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതു കൊണ്ടാണ് ശാസ്ത്രം മത വിരുദ്ധമാണ് എന്ന ചിന്ത കടന്നുവരുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിരീശ്വരത്വം അടിസ്ഥാനമിടുന്ന ഈ ശാഖകള്‍ മാത്രമല്ല മറ്റു പല തത്വശാസ്ത്ര ശാഖകളും അവയെല്ലാം ഒരുപോലെ ശാസ്ത്രം എന്ന പേരിനു അര്‍ഹമാണെന്നും അതിനാല്‍ തന്നെ മതം എല്ലാ ശാസ്ത്രങ്ങള്‍ക്കും വിരുദ്ധമാണ് എന്നത് ശരിയല്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഇരുവശത്തു നിന്നും കൂട്ടുനിന്ന് നമ്മെ പൂര്‍ണ സത്യത്തിലേക്ക് നയിക്കാന്‍ പര്യാപ്തമാണ് മതവും ശാസ്ത്രവും എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.