വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികള്‍: ബില്‍ ഇന്ന് ലോക്സഭയില്‍; രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികള്‍: ബില്‍ ഇന്ന് ലോക്സഭയില്‍; രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികളെ ഏല്‍പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം. കര്‍ഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിര്‍പ്പ് തുടരുന്നതിനിടെ തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

സ്വകാര്യകമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനവസരം നല്‍കുകയും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നതാണ് ബില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ ഊര്‍ജമേഖലയില്‍ മത്സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാര്‍ വാദം.

വൈദ്യുതി ഉല്‍പാദനം, പ്രസരണം, വിതരണം, വില്‍ക്കല്‍ വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടു വന്ന 2003ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് ബില്‍ കൊണ്ടു വരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിതോര്‍ജത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് വൈദ്യുതി വാങ്ങാമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

അതേസമയം, ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിലെ ആവശ്യങ്ങളിലൊന്ന് ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്നായിരുന്നു. ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ബില്ലവതരിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയെങ്കിലും ഉറപ്പ് പാലിച്ചില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിക്കുന്നു. ബില്ല് അവതരിപ്പിച്ചാലുടന്‍ രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.

അതേസമയം കേരളത്തിലും പ്രതിഷേധത്തിന്റെ ഭാഗമായി
വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ് കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക.

നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങാനാണ് സമര സമിതിയുടെ തീരുമാനം. അവശ്യ സേവനങ്ങളെ മാത്രമാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസന്‍സികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവില്‍ വരുന്നതോടെ സ്വകാര്യ കമ്പനികള്‍ക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാന്‍ കഴിയും. ഇതോടെ കര്‍ഷകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതും ക്രോസ് സബ്സിഡിയും ഇല്ലാതാകും.

ഒരു മെഗാ വോള്‍ട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താകള്‍ക്ക് ഓപ്പണ്‍ ആക്സിസ് വഴി വൈദ്യുതി വാങ്ങാന്‍ അനുവദിക്കുന്നത് മേഖലയെ തകര്‍ക്കുമെന്നും ആരോപണമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.