'ജനങ്ങളില്‍ നിന്ന് അകലുന്നു': സര്‍ക്കാരിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

'ജനങ്ങളില്‍ നിന്ന് അകലുന്നു': സര്‍ക്കാരിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി. ഒന്നാം പിണറായി സര്‍ക്കാരിന് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം ഇപ്പോഴില്ലെന്നും, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിയുന്നില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

ആഭ്യന്തരം, പൊതുമരാമത്ത്, തദ്ദേശം, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകള്‍ക്കെതിരെയായിരുന്നു കൂടുതല്‍ വിമര്‍ശനം. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ സ്വയം വിമര്‍ശനം നടത്തിയിരുന്നു. മന്ത്രിമാരുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. മന്ത്രിമാരുടെ ഓഫീസില്‍ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റമാണ്. ഇത് സര്‍ക്കാരിനെ ജനങ്ങളില്‍ നിന്നകറ്റും.

ചില മന്ത്രിമാര്‍ എം.എല്‍.എമാരും ഉദ്യോഗസ്ഥരും ജനങ്ങളും ഉള്‍പ്പെടെ വിളിച്ചാലും ഫോണെടുക്കില്ല. തിരിച്ച് വിളിക്കാറുമില്ല. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചാണ് ചില മന്ത്രിമാര്‍ ഭരിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വകുപ്പുകള്‍ വിഷയങ്ങള്‍ മനസിലാക്കി പരിഹരിക്കണം. ഘടകകക്ഷികളുടെ വകുപ്പുകളെ കയറൂരി വിടരുത്.

മന്ത്രിമാര്‍ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെടുന്നു. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൈകെട്ടി ഇരിക്കുകയാണ് പലരും. ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ മന്ത്രിമാര്‍ സഹകരിക്കുന്നില്ല. യാത്ര ചെയ്യാന്‍ മടി. എല്ലാം ഓണ്‍ലൈനില്‍ മതിയെന്നാണ് പലരുടെയും ചിന്തയെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.