തിരുവനന്തപുരം: പുനരധിവാസ പ്രശ്‌നങ്ങളും തീരശോഷണവും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്. ഈ മാസം 31 വരെ സമരം തുടരാനാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം. നൂറുകണക്കിന് തീരദേശവാസികളാണ് ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഏഴ് വര്‍ഷമായി ഭവരന രഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.
ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും ഫാ.യൂജിന്‍ പേരേര പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.