അബുദബി: ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ ഗുണപ്രദമായെന്ന് വിലയിരുത്തല്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുളളത്. കരാർ നിലവില്‍ വന്നതിന് ശേഷമുളള രണ്ട് മാസക്കാലത്തിലെ വ്യാപാരറിപ്പോർട്ടാണ് പ്രതീക്ഷ നല്‍കുന്നത്.
മെയ് മാസത്തില്‍ യു.എ.ഇയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 65 ശതമാനം വർധിച്ച് 910 കോടി ഡോളറിലെത്തി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി 16 ശതമാനം വർധിച്ച് 527 കോടി ഡോളറായി. യുഎഇയില്‍ നിന്ന് മെയില്‍ മാത്രം 490 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയിട്ടുളളത്. ഇതില്‍ 290 കോടിയും എണ്ണ ഇറക്കുമതിയായിരുന്നു.
പാദരക്ഷകളുടെ കയറ്റുമതി 73 ശതമാനവും രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 33 ശതമാനവും വർദ്ധിച്ചു. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടേത് 50 ശതമാനവും റെഡിമെയ്ഡ് തുണിത്തരങ്ങൾ 42 ശതമാനം എന്നിങ്ങനെയും വർധിച്ചുവെന്നാണ് കണക്കുകള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലവിലെ യു.എ.ഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനും ഓൺലൈനില്‍ കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സുപ്രധാനമായ സെപയില്‍ ഒപ്പുവച്ചത്.
നല്ല തുടക്കമാണെന്നും വ്യാപാരത്തിലെ വർദ്ധനവ് സെപയുടെ മൂല്യം വ്യക്തമാക്കുന്നതാണെന്നും യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി ട്വിറ്ററിൽ കുറിച്ചു. അടുത്ത അഞ്ച് വർഷത്തിനകം ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറില്‍ നിന്ന് 10,000 കോടി ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.