ന്യൂഡല്‍ഹി: പ്രതിയും ഇരയും തമ്മില്‍ ഒത്തു തീര്‍പ്പിലെത്തിയാല്‍ പോക്‌സോ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന് സുപ്രീം കോടതി. മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സല്‍ റഹ്മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണായക ചോദ്യം.
ഇത്തരം സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ മനസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സല്‍ റഹ്മാന് എതിരെ 2018 നവംബറിലാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച പരാതിയിലാണ് കേസ്. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.
എന്നാല്‍ അച്ഛന്റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. അതേസമയം ഹൈക്കോടതിയില്‍ കേസ് നടന്നിരുന്ന സമയത്ത് കുട്ടികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ഹഫ്സല്‍ റഹ്മാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ച് ചോക്ലേറ്റ് നല്‍കിയ ശേഷം പെണ്‍കുട്ടികളുടെ കവിളില്‍ പിടിച്ചു എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം. എന്നാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ 164 മൊഴിയില്‍ പെണ്‍കുട്ടികള്‍ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി വിധികളില്‍ വ്യക്തമാക്കിയിട്ടുള്ളതായും ഹാരിസ് ബീരാന്‍ വാദിച്ചു. എന്നാല്‍ കോടതി ഇതിനോട് വാക്കാല്‍ വിയോജിച്ചു. തുടര്‍ന്നാണ് സമാനമായ മറ്റ് കേസുകളിലെ കോടതി വിധികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.