ലോക കൊതുകു ദിനവും ചില കൊതുകുജന്യ രോഗങ്ങളും

ലോക കൊതുകു ദിനവും ചില കൊതുകുജന്യ രോഗങ്ങളും

ഇന്ന് ലോക കൊതുകു ദിനം. ഞെട്ടണ്ട അങ്ങനെയൊരു ദിനം ഉണ്ട്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 20നാണ് കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും കൊതുകു വഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ പോരാടുവാന്‍ സജ്ജമാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയും. വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. വീടും പരിസരവും വൃത്തിയാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊതുക് പരത്തുന്ന പ്രധാനപ്പെട്ട മൂന്ന് രോഗങ്ങള്‍

ഒന്ന്

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. വൈറസ് ബാധ ഉണ്ടായാല്‍ ആറ് മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കു പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.

രണ്ട്

അനോഫീലസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമായ മലേറിയ അതീവ ശ്രദ്ധയോടെ നേരിടേണ്ട രോഗമാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മലേറിയ. ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. അതേത്തുടര്‍ന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ഉണ്ടാവാം.

മൂന്ന്

ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ ഉണ്ടാവുന്ന മഴക്കാല രോഗങ്ങളില്‍ വളരെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു രോഗമാണ് ചിക്കുന്‍ ഗുനിയ. കൊതുക് പരത്തുന്ന രോഗങ്ങളില്‍ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് രോഗാണു വാഹകര്‍. രോഗാണുക്കളുള്ള കൊതുക് കടിച്ച് രണ്ട് മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

സന്ധി വേദന, വിറയലോടു കൂടിയ കഠിനമായ പനി, കണ്ണിന് ചുമപ്പു നിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.